Tuesday, April 15, 2025

സത്യം പറയാന്‍ തുനിഞ്ഞിറങ്ങിയവന്റെ എഴുത്ത്

 


ലോകത്തെവിടെ ആയാലും ഏകാധിപതികളെല്ലാം ഒരുപോലെയാണ്. അതിനാല്‍ ഇക്കഥ എല്ലാ ഏകാധിപതികളെക്കുറിച്ചുമാണ്. ഏകാധിപതികളെ സൃഷ്ടിക്കുന്നത് അവരല്ല, അവര്‍ക്കു ചുറ്റുമുള്ളവരാണ്. അതുകൊണ്ട് ഇത് ഏകാധിപത്യത്തെക്കുറിച്ചുമുള്ള കഥയാകുന്നു. ഏത് ഏകാധിപത്യത്തിലും ഏറ്റവും അധികം സഹിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്- 

                             ആടിന്റെ വിരുന്ന് (ഹോര്‍ഹെ മാര്യോ പെഡ്രോ വര്‍ഹാസ് യോസ)

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ അതുല്യ പ്രതിഭ മാര്യോ വര്‍ഹാസ് യോസയെക്കുറിച്ച് പറയുമ്പോള്‍ മലയാളി വായനക്കാര്‍ക്ക് നൂറു നാവാണ്. യോസ മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റ് ആകുന്നത് എന്തുകൊണ്ടാണ്? ആ ഒരു ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് നമുക്ക് ഒരുകാര്യം മനസിലാവുന്നത്, അദ്ദേഹം എഴുതിയ കൃതികളിലെല്ലാം മലയാളികള്‍ക്ക് തങ്ങളുടെ ജീവിതമാണ് കാണാന്‍ കഴിഞ്ഞിരുന്നത് എന്ന്. എന്നാല്‍, അദ്ദേഹം എഴുതിയിരുന്നതാവട്ടെ മൂന്നാംലോക  മനുഷ്യരുടെയും സമൂഹങ്ങളുടെയും രാഷ്ട്രീയ ജീവിതമായിരുന്നു. അദ്ദേഹം ഒരിക്കലും കേരളമെന്ന സംസ്ഥാനമോ മലയാളികളുടെ ജീവിതമോ അറിഞ്ഞിട്ടേയില്ല. പക്ഷേ, മലയാളിക്ക് അത് തങ്ങളുടെ ജീവിതത്തിന്റെ പകര്‍പ്പെഴുത്തായി അനുഭവപ്പെട്ടതിനു കാരണം മറ്റൊന്നുമല്ല, എഴുത്തില്‍ അദ്ദേഹം പാലിച്ച, കാത്തുസൂക്ഷിച്ച സത്യസന്ധതയായിരുന്നു. പ്രമേയം തെരഞ്ഞെടുക്കുന്നതിലും ഭാഷാശൈലി പിന്‍പറ്റുന്നതിലും അദ്ദേഹം ഒരിക്കലും വ്യാജം കലര്‍ത്തിയില്ല. അക്കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ ജാഗ്രതയാണ് അദ്ദേഹത്തിന്റെ കൃതികളെ ജനകീയമാക്കിയത്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിനും മെക്‌സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യുന്റസിനുമൊപ്പം മാര്യോ വര്‍ഹാസ് യോസയും മലയാളികളുടെ സ്വന്തമാണ്. 

എഴുത്തില്‍ സത്യം പറയാന്‍ തുനിഞ്ഞിറങ്ങിയവന്‍ എല്ലാക്കാലത്തും വിപ്ലവകാരിയും ധിക്കാരിയുമാണല്ലോ. യോസയാവട്ടെ എഴുത്തിലും ചിന്തയിലും നീതിയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹം എല്ലാക്കാലത്തും മതങ്ങളോടും രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങളോടും ഏറ്റുമുട്ടിക്കൊണ്ടിരുന്നു. ഇത്തരം ഏറ്റുമുട്ടലുകള്‍ നടക്കുമ്പോഴും യോസയുടെ രാഷ്ട്രീയനിലപാടുകള്‍ എല്ലാക്കാലത്തും മാറിമറിഞ്ഞിരുന്നു. എഴുത്തില്‍ അദ്ദേഹം എത്രത്തോളം സങ്കീര്‍ണമായ വിഷയങ്ങളാണോ കൈകാര്യം ചെയ്തിരുന്നത്, അത്രത്തോളംതന്നെ സങ്കീര്‍ണമായിരുന്നു അദ്ദഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും. 


എഴുപതുകളില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന അദ്ദേഹം ഒരു പതിറ്റാണ്ടിനിടെ ഇടതുപക്ഷ ചിന്തകളില്‍ നിന്ന് ലിബറല്‍-വലതുപക്ഷ ആശയങ്ങളിലേക്കു ചുവടുമാറ്റി. ള്ള അദ്ദേഹത്തിന്റെ മാറ്റം പലരെയും അമ്പരപ്പിച്ചു. എന്നാല്‍, യോസയ്ക്ക് ഇത് ഒരു തിരിച്ചറിവിന്റെ ഭാഗമായിരുന്നു. ഫാഷിസമോ കമ്യൂണിസമോ ആകട്ടെ, ഏതൊരു അധികാരവ്യവസ്ഥയും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമ്പോള്‍ അത് വിമര്‍ശിക്കപ്പെടണമെന്ന് അദ്ദേഹം വിശ്വസിച്ചു. 1990-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, അദ്ദേഹം പിന്നീട് തന്റെ കോളങ്ങളിലൂടെയും ഉപന്യാസങ്ങളിലൂടെയും രാഷ്ടീയ സംവാദങ്ങളില്‍ സജീവമായി. അതിന്റെ കാരണമാവട്ടെ ക്യൂബന്‍ കവിയായ ഹെബെര്‍ത്തോ പാദിയയെ ഫിഡല്‍ കാസ്‌ട്രോ രാഷ്ട്രീയ തടവുകാരനാക്കിയതാണ് കാരണം. ഏറ്റവും രസകരമായ കാര്യം എന്താണെന്നുവച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ അദ്ദഹം ക്യൂബന്‍ വിപ്ലവത്തെ പിന്തുണയ്ക്കുകയും ഫിഡല്‍ കാസ്‌ട്രോയെ വാഴ്ത്തുകയും ചെയ്തിരുന്ന ആളായിരുന്നു എന്നതാണ്. എന്നാല്‍, എപ്പോഴാണോ കാസ്‌ട്രോ സ്വാതന്ത്ര്യത്തിനെതിരേ നിലപാടെടുത്തത്, അന്നുമുതല്‍ യോസ കാസ്‌ട്രോയുടെ വിമര്‍ശകനുമായി.  

രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയതിനപ്പുറം കക്ഷി രാഷ്ട്രീയത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1990-ല്‍ അദ്ദേഹം പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും അദ്ദഹം തയാറായി. പക്ഷേ, തോല്‍വിയായിരുന്നു ഫലം. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിച്ച അല്‍ബെര്‍ത്തോ ഫ്യൂജിമോറിയുടെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ദ നെയിബര്‍ ഹുഡ് എന്ന നോവലെഴുതിയാണ് അദ്ദേഹം തന്റെ പ്രതികരണം ലോകത്തെ അറിയിച്ചത്. 


1936 ല്‍ പെറുവിലെ അരെക്കീപ്പ നഗരത്തില്‍ 1936-ലാണ് യോസ ജനിച്ചത്. അദ്ദേഹത്തെ ഗര്‍ഭത്തില്‍ പേറുന്ന കാലത്തുതന്നെ അദ്ദഹത്തിന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. പിന്നീട് മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ജനിക്കുന്നത്. അമ്മയും അമ്മ വീട്ടുകാരുമാണ് യോസയെ വളര്‍ത്തിയത്. ഗര്‍ഭാവസ്ഥയില്‍ വിവാഹമോചനം നേടിപ്പോയതിനെത്തുടര്‍ന്ന് യോസയുടെ അമ്മ വീട്ടുകാര്‍ക്ക് അദ്ദേഹത്തിന്റെ അച്ഛനോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് അമ്മയും അമ്മയുടെ ബന്ധുക്കളും യോസയോട് അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചുപോയിരുന്നു എന്നാണ് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. പിന്നീട്, 10ാം വയസിലാണ് യോസ സത്യം മനസിലാക്കുന്നതും അച്ഛനെ കണാണുന്നതും. അച്ഛനെ കണ്ടതോടെ യോസയുടെ മാത്രമല്ല അദ്ദഹത്തിന്റെ മാതാപിതാക്കളുടെയും ജീവിതം മാറി മറിഞ്ഞു. മകനെ കണ്ടതോടെ അച്ഛന് അവനോടൊപ്പം താമസിക്കാന്‍ മോഹമുദിച്ചു. അതിനായി യോസയുടെ അച്ഛനും അമ്മയും ഒരുമിച്ചു താമസിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ വീണ്ടും യോജിച്ച കുടുംബത്തോടൊപ്പം ലിമയിലായിരുന്നു യോസ വളര്‍ന്നത്.  

പതിനാലാമത്തെ വയസില്‍ യോസ സൈനിക അക്കാഡമിയില്‍ ചേര്‍ന്നു. എന്നാല്‍, അദ്ദഹത്തിനു സൈനിക സേവനത്തോട് വലിയ താത്പര്യം തോന്നാതിരുന്നതിനെത്തുടര്‍ന്ന് അദ്ദേഹം അക്കാഡമിയോട് അധികം താമസിയാതെ വിടപറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിനു പതിനാറു വയസേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്തുതന്നെ എഴുത്തിനോടും വായനയോടും താത്പര്യമുണ്ടായിരുന്ന യോസ തന്റെ വഴി എഴുത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് അദ്ദേഹം എഴുത്തുകാരന്റെയും പത്രപ്രവര്‍ത്തകന്റെയും കുപ്പായമണിഞ്ഞു. 1955 ല്‍ തന്റെ പത്തൊന്‍പതാമത്തെ വയസില്‍ അദ്ദേഹം വിവാഹം കഴിച്ചു. വധുവായി തെരഞ്ഞെടുത്തതാവട്ടെ തന്റെ ബന്ധുകൂടിയായ ഹുലിയ അര്‍ക്കീദിയെ ആണ്. 1964 ല്‍ ഇരുവരും വിവാഹ മോചനം നേടി. പിന്നീട് തന്റെ കസിന്‍ പാട്രീഷ്യയെയും ഇസബേല്‍പ്രിസ്‌ലെറിനെയും അദ്ദേഹം ജീവിത പങ്കാളികളാക്കി. 

ഇരുപതാമത്തെ വയസുമുതല്‍ എഴുത്തില്‍ യോസ സജീവമായിത്തുടങ്ങി. ഇരുപത്തി ഏഴാമത്തെ വയസില്‍ പ്രസിദ്ധീകരിച്ച ദ ടൈം ഓഫ് ദ ഹീറോ എന്ന നോവല്‍ പുറത്തിറങ്ങിയതോടെ അദ്ദേഹം വായനക്കാര്‍ക്ക് സുപരിചിതനായി. ഈ നോവലില്‍ രണ്ടു വര്‍ഷത്തോളമുണ്ടായിരുന്ന തന്റെ സൈനിക പരിശീലനത്തിന്റെ പശ്ചാത്തലത്തിലമാണ് യോസ വിവരിച്ചത്. ഈ നോവല്‍ സൈനിക അക്കാഡമിയിലെ അനുഭവത്തിന്റെ തുറന്നെഴുത്തായതുകൊണ്ടുതന്നെ വിവാദങ്ങളും സൃഷ്ടിച്ചു. ഏതു സാഹചര്യത്തെയും നേരിടാന്‍ പാകത്തിനു തയാറാക്കിയ പരിശീലന പരിപാടിയെ വിമര്‍ശിക്കുക വഴി ചെറുതല്ലാത്ത പുകിലൊന്നുമല്ല ദ ടൈം ഓഫ് ദ ഹീറോ സൃഷ്ടിച്ചത്. ഈ നോവല്‍ പോപ്പുലറായതോടെ വലിയ ഒരു വിഭാഗം വായനക്കാരെ അദ്ദേഹം തന്റെ ആരാധകരാക്കിയെന്നു പറയാം. പിന്നീട് രണ്ടു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ ഗ്രീന്‍ ഹൗസും വായനക്കാരുടെ ഇടയില്‍ ഓളമുണ്ടാക്കി. വേശ്യാലയത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ നോവലില്‍ സമൂഹം എല്ലാക്കാലത്തും പുലര്‍ത്തിപ്പോരുന്ന കപടസദാചാര ബോധത്തെ അദ്ദേഹം ചോദ്യം ചെയ്യുകയുണ്ടായി. ഈ നോവല്‍ പുറത്തിറങ്ങുമ്പോള്‍ യോസയ്ക്ക് മുപ്പതു വയസു പോലും തികഞ്ഞിട്ടുണ്ടായിരുന്നില്ല. യോസയുടെ മികച്ച കൃതികളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംപിടിച്ച നോവലാണ് ഗ്രീന്‍ ഹൗസ്.


സൈനിക അക്കാഡമിയിലെ അനുഭവങ്ങളിലൂടെ സൈനിക പരിശീലനത്തിലെ മനുഷ്യത്വ വിരുദ്ധതയും ഗ്രീന്‍ ഹൗസിലൂടെ സാമൂഹിക യാതാര്‍ഥ്യങ്ങളെ തുറന്നുകാട്ടുകയും ചെയ്ത യോസയെ ആയിരുന്നില്ല 1977 ല്‍ പുറത്തിറങ്ങിയ ഓന്റ് ജൂലിയ ആന്‍ഡ് ദ സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്ന നോവലില്‍ കാണാനാവുക. ഈ നോവലില്‍ പ്രണയത്തിന്റെയും യൗവനത്തിന്റെയും തീക്ഷണതായാണ് നമുക്ക് തൊട്ടറിയാനാവുക. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തുവന്ന വാര്‍ ഓഫ് ദ എന്‍ഡ് ഓഫ് ദ വേള്‍ഡില്‍ മതവിശ്വാസത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ചും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും തുറന്നെഴുതാന്‍ അദ്ദേഹം തയാറായി. ഈ നോവല്‍ കുറച്ചൊന്നുമല്ല വിവാദങ്ങള്‍ വിളിച്ചുവരുത്തിയത്. ലോകത്തെ മതവാദികളെല്ലാം നിരന്നുനിന്ന് വിമര്‍ശിച്ചപ്പോഴും ഒട്ടു കൂസലില്ലാതെ അതിനെയെല്ലാം യോസ നേരിട്ടു. '' ഞാന്‍ കണ്ടതും കേട്ടതും അറിഞ്ഞതുമായ ഒരു കാര്യത്തെ കുറിച്ച് എഴുതാന്‍ എനിക്ക് ഒരു മതവാദിയുടേയോ വിശ്വാസിയുടേയോ തിട്ടൂരം ആവശ്യമില്ല. ആരെങ്കിലും ഇറക്കുന്ന തിട്ടൂരത്തിനു ഞാന്‍ പുല്ലുവിലയേ കല്പിക്കുന്നുള്ളൂ. ഇനി ആര്‍ക്കേലും എന്റെ കൃതി ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെക്കുറിച്ച് പ്രബന്ധമെഴുതി പ്രസിദ്ധീകരിച്ചോളൂ. ഞാന്‍ സമയം കിട്ടുമ്പോള്‍ വായിച്ചോളം. ഇടയ്ക്ക് ഹാസ്യവും വായിക്കണമല്ലോ'' എന്നായിരുന്നു വിമര്‍ശനങ്ങളെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം പ്രതികരിച്ചത്. ചരിത്രത്തെ നോവലില്‍ പ്രദിപാദിക്കാനുള്ള ശ്രമവും യോസ ഈ നോവലില്‍ നടത്തി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രസീലിലെ വടക്കുകിഴക്കന്‍ മരുഭൂമി പോലുള്ള പിന്നാക്ക പ്രദേശമായ കനുഡോസില്‍ നടന്ന കലാപത്തെക്കുറിച്ചാണ് യോസ ഈ നോവലില്‍ പ്രതിപാദിക്കുന്നത്. ബ്രസീലിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയിലെ കാനുഡോസിലെ താമസക്കാരും ബ്രസീലിയന്‍ റിപ്പബ്ലിക്കും തമ്മിലുള്ള ഒരു സംഘര്‍ഷമായിരുന്നു ഇത്. കാനുഡോസ് കലാപത്തിന്റെ ചരിത്രം പറയുക എന്നതിനെക്കാളുപരി ഈ ചരിത്രത്തില്‍നിന്ന് കലാപത്തിന്റെ കാരണങ്ങളിലേക്ക് യോസ കടക്കുന്നു. ആദര്‍ശങ്ങള്‍ എത്രത്തോളം നടപ്പിലാക്കാനാവുമെന്നും ആദര്‍ശങ്ങളുടെ പ്രായോഗിക വത്കരണം സമൂഹത്തില്‍ എന്തൊക്കെ സൃഷ്ടിക്കുമെന്നും പറയുന്നതില്‍ നോവലിസ്‌റ്റെന്ന നിലയില്‍ അദ്ദേഹം വിജയിച്ചു. ചരിത്രത്തില്‍നിന്ന് ആദര്‍ശത്തെയും അത് നടപ്പിലാക്കിയപ്പോള്‍ സംഭവിച്ച യാഥാര്‍ഥ്യങ്ങളെയും വേര്‍തിരിച്ചെടുത്ത് കലാപചരിത്രം പറയുക എന്നതിനെക്കാളുപരി ആദര്‍ശങ്ങളും യാഥാര്‍ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തെ വായനക്കാരനു മുന്നില്‍ തുറന്നിടാനാണ് യോസ വാര്‍ ഓഫ് ദ എന്‍ഡ് ഓഫ് ദ വേള്‍ഡില്‍ ശ്രമിച്ചിരിക്കുന്നത്. 

കാല്‍നൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച ദ ഫീസ്റ്റ് ഓഫ് ദ ഗോട്ടി(ആടിന്റെ വിരുന്ന്)ലേക്കെത്തുമ്പോള്‍ വീണ്ടും ചരിത്രത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് യോസയില്‍നിന്നുണ്ടാവുന്നത്. മുപ്പതു വര്‍ഷക്കാലം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനെ കാല്ക്കീഴിലാക്കിയുന്ന എകാധിപതിയായിരുന്ന റാഫേല്‍ ലിയോനിദാസ് ത്രൂഹീയോ മോലീനായുടെ കൊലപാതകത്തെക്കുറിച്ചാണ് ആടിന്റെ വിരുന്നില്‍ യോസ വിവരിക്കുന്നത്. ഇതില്‍ ത്രൂഹിയോയുടെ ജീവിതകുറിക്കുന്നതിലൂടെ അധികാരത്തെ നിര്‍വചിക്കാനും അത് മനുഷ്യരിലും സമൂഹത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചു വിവരിക്കാനുമാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. അധികാരം കൈയാളുന്നയാളുടെ ചിന്ത, ഭയം, മാനസിക വ്യാപാരങ്ങള്‍ എന്നിവ വളരെ മനോഹരമായ ഭാഷയിലാണ് യോസ വിവരിക്കുന്നത്. റിയലസ്റ്റിക്ക് നോവലുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംനേടിയ നോവലാണ് ആടിന്റെ വിരുന്ന്. അതിനു കാരണവും അദ്ദേഹത്തിന്റെ എഴുത്തുഭാഷയുടെ കരുത്താണ്. ഈ നോവലിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഈ നോവല്‍ മുന്നോട്ടു പോകുന്നത് വ്യക്തികളുടെ ഓര്‍മകളിലൂടെയാണ് എന്നതാണ്. ത്രൂഹിയോയുടെ ഓര്‍മകള്‍ മാത്രമല്ല അദ്ദേഹത്തെ വധിക്കാന്‍ കാത്തു നില്‍ക്കുന്ന ആളുകളുടെ ഓര്‍മകളിലൂടെയും കൂടിയാണ്.


ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകസാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ കാലഘട്ടമാണ്് 1960-80. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, ജൂലിയോ കോര്‍ട്ടസാര്‍, കാര്‍ലോസ് ഫ്യൂന്റസ്, മാര്യോ വര്‍ഹാസ് യോസ എന്നിവരായിരുന്നു ഈ സുവര്‍ണകാലത്തെ നയിച്ചത്. മാര്‍ക്കേസും യോസയും ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ നെടുംതൂണുകളായിരുന്നു എന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ നൊബേല്‍ പുരസ്‌കാരം 82 ല്‍ മാര്‍ക്കേസും 2010 ല്‍ യോസയും തങ്ങളുടെ ഷോക്കേസിലെത്തിച്ചു. 1960കളില്‍ത്തന്നെ യോസയും മാര്‍ക്കേസും തങ്ങളുടെ പ്രതിഭയെ ലോകത്തെ അറിയിച്ചു. 1963 ല്‍ പുറത്തിറങ്ങിയ ദി ടൈം ഓഫ് ദി ഹീറോ എന്ന നോവലിലൂടെ 

മാരിയോ വര്‍ഗാസ് യോസയും 1967 ല്‍ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡിലൂടെ മാര്‍ക്കേസും. യോസയും മാര്‍ക്കേസും തങ്ങളുടെ കൃതികളില്‍ രാഷ്ട്രീയം പറയുന്നവരായാരുന്നു. പക്ഷേ, അതിനായി ഇരുവരും തെരഞ്ഞെടുത്ത ശൈലികള്‍ വളരെ വ്യത്യസ്തമായിരുന്നു. യോസയുടെ രചനാശൈലി റിയലിസമായിരുന്നെങ്കില്‍ മാര്‍ക്കേസിന്റേത് മാജിക്കല്‍ റിയലിസമായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദവും പിണക്കവും ലോകം ശ്രദ്ധയോടെയാണ് വീക്ഷിച്ചിരുന്നത്. 1966ല്‍ മാര്‍ക്കേസ് യോസയ്ക്ക് അയച്ച ഒരു കത്തിലൂടെയാണ് ഇരുവരുടെയും സൗഹൃദത്തിനു തുടക്കമിട്ടത്. പിന്നീട് കത്തിടപാടുകളിലൂടെ ഇരുവരുടേയും സൗഹൃദം കൂടുതല്‍ ആഴത്തിലായി. ഒരു വര്‍ഷത്തിനു ശേഷം കാരക്കാസില്‍, 1967ലാണ് ഇരുവരും പരസ്പരം കാണുന്നത്. അക്കാലത്ത് ഒരുമിച്ച് ഒരു നോവല്‍ എഴുതാന്‍ പോലും ഇരുവരും ആലോചിച്ചിരുന്നു. 

 അറുപതുകളില്‍ ഉടലെടുത്ത സൗഹൃദം ഒന്നരപതിറ്റാണ്ടോളം തുടര്‍ന്നു. 1976 ലാണ് ഇരുവരും പിണങ്ങുന്നത്. മെക്‌സിക്കോ സിറ്റിയില്‍ ഇരുവരും ഒരു സിനിമ പ്രദര്‍ശനത്തിനെത്തിയിരുന്നു. അവിടെവച്ചാണ് ഇരുവരുടെയും സൗഹൃദം തകരുന്നത്. അന്ന് യോസ മാര്‍ക്കേസിന്റെ മുഖത്തടിക്കുകയുണ്ടായി. മാര്‍ക്കേസും യോസയുടെ ഭാര്യ പട്രീഷ്യയും തമ്മിലുള്ള സൗഹൃദമാണ് പട്ടന്നുണ്ട്യ പ്രകോപനത്തിനു കാരണം. പിന്നീട് ഇരുവരുടെയും രാഷ്ട്രീയ നിലപാടുകളിലെ ഭിന്നത പിണക്കത്തിന് ആക്കംകൂട്ടി. മാര്‍ക്കേസ് ഇടതുപക്ഷ രാഷ്ട്രായത്തിന്റെ വക്താവായിരുന്നു. എന്നാല്‍, യോസയാവട്ടെ ലിബറല്‍ വലതുപക്ഷ രാഷ്ട്രീയ നിലപാടുള്ളയാളും. മാത്രവുമല്ല യോസ ഫിഡല്‍ കാസ്‌ട്രോയും വിമര്‍ശകനുമായിരുന്നു. മാര്‍ക്കേസാവട്ടെ കാസ്‌ട്രോയെ പിന്തുണയ്ക്കുന്നയാളും. പിണങ്ങാന്‍ ഇതിലും കൂടുതല്‍ കാരണം വേണോയെന്നാണ് അനുവാചകര്‍ ചോദിച്ചിരുന്നത്. അന്നത്തെ ഇരുവരുടെയും പിണക്കം പരിഹരിക്കാന്‍ പലരും ശ്രമിച്ചിരുന്നെങ്കിലും തങ്ങളുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ ഇരുവരും തയാറായില്ല. 2007 ല്‍ മാര്‍ക്കേസിന്റെ ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡിന്റെ 40 ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. അന്ന് യോസ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു എന്നാല്‍ അദ്ദഹം വന്നില്ല. അത്രമാത്രം ഇരുവരും അകന്നു പോയിരുന്നു. പിന്നീട്, ഹണ്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡിന്റെ നാല്പതാം പിറന്നാള്‍ പതിപ്പിന്റെ ആമുഖം എഴുതാന്‍ യോസ തയാറായി. അതിലൂടെ പ്രത്യക്ഷത്തില്‍ ഇരുവരും തങ്ങളുടെ പിണക്കം പരിഹരിച്ചെങ്കിലും അത് ഒരിക്കലും പഴയതുപോലെ ആയില്ല.      

എണ്‍പത്തി ഒമ്പതാം വയസില്‍ തന്റെ എഴുത്ത് ജീവിതം അവസാനിപ്പിച്ച് യോസ കാലയവനികയ്ക്കു പിന്നില്‍ മറയുമ്പോള്‍ അവസാനിക്കുന്നത് ലാറ്റിനമേരിക്കന്‍ സാഹിത്യവുമായുള്ള മലയാളിയുടെ ആത്മബന്ധത്തിന്റെ തെളിച്ചമേറിയ അടയാളമാണ്. ലോക സാഹിത്യത്തിനു നഷ്ടമാവുന്നതാവട്ടെ മഹാനായ മനുഷ്യനെയാണ്. അതിശയകരമായ പ്രമേയങ്ങളിലൂടെയും അനുപമമായ എഴുത്തു ശൈലിയിലൂടെയും വിസ്മയിപ്പിച്ച എഴുത്തുകാരനെയുമാണ്. 


FACEBOOK COMMENT BOX