സ്വന്തം ജീവിതത്തിലെയും തന്റെ ചുറ്റുവട്ടത്തെ മനുഷ്യരുടെയും ജീവിതത്തിലെയും തീക്ഷ്ണമായ അനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാന്‍ അനിതരസാധാരണമായ കഴിവുള്ള എഴുത്തുകാരിയാണ് ബാനു മുഷ്താഖ്. ബാനുവിനെ തേടി ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് എത്തുമ്പോള്‍ അത് ബാനുവിന്റെ എഴുത്തു ശൈലിക്കു ലഭിക്കുന്ന അംഗീകാരമാണ്. വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങളോടൊപ്പം ആന്തരികമായ അനുഭൂതിയും തന്റെ എഴുത്തിലുണ്ടെന്ന് ബാനു ഒരിക്കല്‍ പറഞ്ഞിരുന്നു. അക്കാരത്താല്‍ത്തന്നെ ബാനുവിന്റെ എഴുത്തുകളെല്ലാം ആത്മനിഷ്ഠവുമാണ്.
ബാനു മുഷ്താഖ് 1990 നും മുതല്‍ 2023 വരെയുള്ള മൂന്ന് പതിറ്റാണ്ടുകളായി എഴുതിയ 12 ചെറുകഥകള്‍ ഉള്‍ക്കൊള്ളുന്ന ഹാര്‍ട്ട് ലാമ്പിനാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയില്‍ താമസിക്കുന്ന മുസ്ലീം സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ ഹൃദയസ്പര്‍ശിയായി പകര്‍ത്തിയ കഥകളാണ് ഹാര്‍ട്ട് ലാമ്പിലുള്ളത്. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥകളാണ് ഹാര്‍ട്ട് ലാമ്പിലേതെന്ന് ബാനു പറഞ്ഞു. ''ഒരു കഥയും ഒരിക്കലും ചെറുതല്ല എന്ന വിശ്വാസത്തില്‍ നിന്നാണ് ഈ പുസ്തകം പിറന്നത്; മനുഷ്യാനുഭവത്തിന്റെ ചിത്രപ്പണികളില്‍, ഓരോ നൂലും ജീവിതത്തിന്റെ മുഴുവന്‍ ഭാരവും പേറുന്നുണ്ട്. പലപ്പോഴും നമ്മെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഒരു ലോകത്ത്, പരസ്പരം മനസിനുള്ളില്‍ ജീവിക്കാന്‍ കഴിയുന്ന അവസാനത്തെ പവിത്രമായ ഇടങ്ങളില്‍ ഒന്നാണ് സാഹിത്യം. പക്ഷേ, അതില്‍ കുറച്ച് പേജുകള്‍ മാത്രമേയുള്ളൂ. എന്റെ ഏറ്റവും പ്രിയപ്പെട്ടകഥകള്‍ക്ക് ലഭിക്കുന്ന പുരസ്‌കാരങ്ങളെല്ലാം സന്തോഷം നല്കുന്നതാണ്. ബുക്കര്‍ സമ്മാനം വലിയ സന്തോഷം നല്‍കുന്നു.''- പുരസ്‌കാര ലഭിച്ചതിലുള്ള സന്തോഷം ബാനു മറച്ചുവച്ചില്ല.
ബാനു മുഷ്താഖിന്റെ കൃതകള്‍ വായക്കാര്‍ക്ക് സുപരിചിതവും പ്രിയപ്പെട്ടതുമാണ്. മതപരമായ യാഥാസ്ഥിതികതയെയും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ സമൂഹത്തെയും എല്ലാക്കാലത്തും ബാനു തന്റെ കൃതികളിലൂടെ വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാക്കഥകളിലും സ്ത്രീകള്‍ നേരിടുന്ന നിരവധി വെല്ലുവിളികളെ പ്രതിഫലിക്കാറുണ്ട്.
തന്റെ രചനകളെക്കുറിച്ച് ഒരിക്കല്‍ ബാനു പറഞ്ഞത് ഇങ്ങനെയാണ്. ''വംശീയമായ, മതപരമായ വ്യാഖ്യാനങ്ങളെ ഞാന്‍ നിരന്തരം വെല്ലുവിളിച്ചിട്ടുണ്ട്. ഈ വിഷയങ്ങള്‍ ഇപ്പോഴും എന്റെ എഴുത്തിന്റെ കേന്ദ്രബിന്ദുവാണ്. സമൂഹം വളരെയധികം മാറിയിട്ടുണ്ട്, പക്ഷേ കാതലായ വിഷയങ്ങള്‍ അതേപടി തുടരുന്നു. സന്ദര്‍ഭം മാറുന്നുണ്ടെങ്കിലും സ്ത്രീകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനുള്ള സമയമായെന്നു ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ എഴുത്തിന്റെ അവസാന കാലത്താണെന്ന് എനിക്കറിയാം. എഴുത്തിലൂടെ ഞാന്‍ ഉയര്‍ത്താന്‍ ശ്രമിച്ച ആശയങ്ങളെ പിന്‍പറ്റാന്‍ പുതിയ ആളുകള്‍ വരുമെന്ന പ്രതീക്ഷ എനിക്കുണ്ട്. അവര്‍ പോരാട്ടങ്ങള്‍ തുടരും.''
2000ല്‍, മുസ്ലിം പള്ളികളില്‍ പ്രാര്‍ഥന നടത്താനുള്ള സ്ത്രീകളുടെ അവകാശത്തെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന് ബാനുവിനെതിരേ വലിയ തോതിലുള്ള ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇസ്ലാമിക സംഘടനകള്‍ ബാനുവിനെതിരേ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു. ഒരിക്കല്‍ ഒരാള്‍ കത്തിയുപയോഗിച്ച് ബാനുവിനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ സംഭവങ്ങളൊന്നും ബാനുവിനെ തളര്‍ത്തിയില്ല. എന്നുമാത്രമല്ല, എഴുത്തിലൂടെ ഇത്തരം മാമൂലുകളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ക്കുകയും ചെയ്തു.
കര്‍ണാടകയിലെ ഒരു ചെറിയ പട്ടണത്തിലാണ് ബാനു മുഷ്താഖ് ജനിച്ചതും വളര്‍ന്നതും. ചുറ്റുമുള്ള മിക്ക പെണ്‍കുട്ടികളെയും പോലെ, സ്‌കൂളില്‍ ഉറുദു ഭാഷയിലാണ് മുഷ്താഖ് പഠിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരനായ അവളുടെ പിതാവ് അവള്‍ കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു. തുടര്‍ന്ന് അദ്ദേഹം അവളെ എട്ടാം വയസില്‍, ഒരു കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ത്തു. അവിടെ പഠന മാധ്യമം കന്നഡയായിരുന്നു. കന്നഡയില്‍ പ്രാവീണ്യം നേടാന്‍ മുഷ്താഖ് കഠിനമായി പരിശ്രമിച്ചു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ബാനു എഴുത്തിലേക്കു തിരിഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സമപ്രായക്കാരായ മുസ്ലിം പെണ്‍കുട്ടികള്‍ വിവാഹിതരാകുകയും കുട്ടികളെ വളര്‍ത്തുകയും ചെയ്തപ്പോള്‍ തനിക്ക് കോളജില്‍ പോകണമെന്ന ആഗ്രഹം വീട്ടിലറിയിച്ചു. 1964 ലായിരുന്നു ബാനു സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അന്ന് മുസ്ലിം സമൂഹത്തില്‍ കേട്ടകേള്‍വിപോലുമില്ലാത്ത കാര്യമായിരുന്നു പെണ്‍കുട്ടികള്‍ കോളജില്‍ പഠിക്കുക എന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടയില്‍ എതിര്‍പ്പുയര്‍ന്നെങ്കിലും കുടുബത്തിന്റെ പിന്തുണ ബാനുവിനു ലഭിച്ചു.
എഴുതുമായിരുന്നെങ്കിലും ബാനുവിന്റെ ഒരു കഥ പ്രസിദ്ധീകരിക്കപ്പെടുന്നത് 29 ഒമ്പതാമത്തെ വയസിലാണ്. അതിനുമുമ്പ് 26 ാം വയസില്‍ ബാനു മുഷ്താഖ് മൊഹിയുദീന്‍ എന്നയാളെ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു. പക്ഷേ ബാനുവിന്റെ ദാമ്പത്യത്തിന്റെ ആദ്യ വര്‍ഷങ്ങളും സംഘര്‍ഷങ്ങളും കലഹങ്ങളും നിറഞ്ഞതായിരുന്നു. അതിനെക്കുറിച്ച് ബാനുതന്നെ പറഞ്ഞത് ഇങ്ങനെയാണ്. ''എഴുതണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എഴുതാന്‍ ഒന്നുമില്ലായിരുന്നു. കാരണം, ഒരു പ്രണയ വിവാഹത്തിനുശേഷം പെട്ടെന്ന് ബുര്‍ഖ ധരിക്കാനും വീട്ടുജോലികളില്‍ മുഴുകാനും എന്നോട് പറഞ്ഞു. 29 വയസുള്ളപ്പോള്‍ പ്രസവാനന്തര വിഷാദം ബാധിച്ച് ഞാന്‍ ഒരു അമ്മയായി. പ്രസവാനന്തര വിഷാദം അനിയന്ത്രിതമായ ഒരിക്കല്‍, നിരാശയുടെ മൂര്‍ദ്ധന്യത്തില്‍ സ്വയം തീകൊളുത്താന്‍ ഉദ്ദേശിച്ച് ഞാന്‍ വെളുത്ത പെട്രോള്‍ എന്റെ ദേഹത്ത് ഒഴിച്ചു. ഭാഗ്യവശാല്‍, മുഷ്താഖ് അത് തടയുകയും തീപ്പെട്ടി എന്റെ കൈയില്‍നിന്നു വാങ്ങിക്കുകയും ചെയ്തു. തുടര്‍ന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഞങ്ങളെ ഉപേക്ഷിക്കരുത് എന്ന് അദ്ദേഹം അപേക്ഷിച്ചു''.
ആറ് ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും ഉപന്യാസ സമാഹാരവും കവിതാസമാഹാരവും ബാനു പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ കരി നാഗരാഗലു എന്ന കഥ 2003-ല്‍ ഹസീന എന്ന പേരില്‍ ഒരു സിനിമയാവുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ മുസ്ലീം സമൂഹങ്ങളെ പശ്ചാത്തലമാക്കിയുള്ള, പ്രത്യേകിച്ച് മുസ്ലിം സ്ഥീകരളുടെ പ്രശ്‌നങ്ങളെ പ്രതിപാദിക്കുന്ന 12 സ്ത്രീ കേന്ദ്രീകൃത കഥകളുടെ സമാഹാരമായ ഹാര്‍ട്ട് ലാമ്പാണ് മാസ്റ്റര്‍പീസ്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭഷയ്ക്കാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ലഭിച്ചതും. നേരത്തെ പെന്‍ അവാര്‍ഡും ഹാര്‍ട്ട് ലാമ്പിനെ തേടിയെത്തിയിരുന്നു.
എഴുത്തുകാരി എന്നതിനപ്പുറം ഒരു ആക്ടിവിസ്റ്റും അഭിഭാഷകയും പത്രപ്രവര്‍ത്തകയുമായിരുന്നു ബാനു. മുഷ്താഖ് മുമ്പ് ലങ്കേഷ് പത്രികെ എന്ന പത്രത്തില്‍ ഒരു ദശാബ്ദക്കാലം റിപ്പോര്‍ട്ടറായിരുന്നു. കൂടാതെ ബംഗളൂരുവില്‍ ഓള്‍ ഇന്ത്യ റേഡിയോയിലും ജോലി ചെയ്തിരുന്നു. 1980-കള്‍ മുതല്‍ കര്‍ണാടകയിലെ മതമൗലികവാദത്തെയും സാമൂഹിക അനീതികളെയും തുറന്നെതിര്‍ക്കാന്‍ ബാനു മുന്നിട്ടിറങ്ങി. അതോടെ ആക്ടിവ്‌സ്റ്റ് എന്ന നിലയിലും ബാനു ശ്രദ്ധിക്കപ്പെട്ടു. ഇതേ ആശയം പിന്‍പറ്റുന്ന നിരവധി ആക്ടിവിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ബാനു പങ്കാളിയാവുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തക കൂടിയായ ദീപ ബസ്തിയാണ് ഹാര്‍ട്ട് ലാമ്പ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. മറ്റു ഭാഷകളില്‍ നിന്ന് ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ക്കാണു ബുക്കര്‍ ഇന്റര്‍നാഷനല്‍ സമ്മാനം ലഭിക്കുക. ഇന്റര്‍നാഷണല്‍ ബുക്കര്‍ നേടിയ ആദ്യ ഇന്ത്യന്‍ വിവര്‍ത്തകയാണ് ബസ്തി. ഈ വിജയം കന്നഡയില്‍നിന്നും മറ്റ് ദക്ഷിണേഷ്യന്‍ ഭാഷകളില്‍നിന്നും കൂടുതല്‍ വിവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പുരസ്‌കാര നേട്ടത്തിനു പിന്നാലെ ദീപ ബസ്തി പറഞ്ഞു.