Thursday, February 5, 2009

ഇവര്‍ സുരക്ഷിതരല്ല.....


പാലക്കാട്‌ റെജി കുമാറിനെ മലയാളി സമൂഹം മറന്നിട്ടുണ്ടാവില്ല. നാലുമക്കളെയും ഭാര്യയെയും നിഷ്‌ഠുരം കൊന്നു കുഴിച്ചു മൂടിയ ആള്‍. കൊല്ലപ്പെട്ടവരില്‍ മൂത്തമകള്‍ അമലു ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നു എന്നത്‌ മലയാളിയുടെ മന:സാക്ഷിയെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇത്‌ മാധ്യമങ്ങളിലൂടെ പുറത്തു വന്നതു കൊണ്ടു നമ്മുടെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ പൊതു സമൂഹത്തിന്റെ കണ്ണില്‍ പെടാതെ പോകുന്ന ബാലപീഡനങ്ങളുടെ എണ്ണം എത്രവരും?.എന്തായാലും റെജികുമാര്‍ സംഭവം നമ്മുടെ സമൂഹത്തെ കൂടുതല്‍ ബോധവാന്‍മാരാക്കിയിട്ടുണ്ട്‌.

നമ്മുടെ കുട്ടികള്‍ക്ക്‌, പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌, കൂടുതല്‍ സുരക്ഷിതത്വം ആവശ്യമാണെന്ന്‌ മാതാപിതാക്കള്‍ മറ്റെന്നത്തെയുംകാള്‍ കൂടുതലായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുറച്ചു കാലം മുന്‍പു വരെ ഇത്തരം കാര്യങ്ങള്‍ പൊതുവേദികളിലും എന്തിന്‌ കുടുംബങ്ങളില്‍ പോലും ചര്‍ച്ചചെയ്യാന്‍ മലയാളിയുടെ `പകല്‍മാന്യത' അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇന്ന്‌ ഇത്തരം കാര്യങ്ങള്‍ തുറന്നു സംസാരിക്കേണ്ട സാമൂഹിക പ്രശ്‌നങ്ങളാണെന്ന്‌ നമ്മുടെ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.


അതിക്രമങ്ങളില്‍ നിന്നു നമ്മുടെ കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നതിന്‌ പൊതുസമൂഹം ബോധവത്‌കരിക്കപ്പെടേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. മാതാപിതാക്കളും അധ്യാപകരുമുള്‍പ്പെടെ സമൂഹം മൊത്തമായി ബോധവല്‍കരിക്കപ്പെടണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും പൊതുസമൂഹം അറിഞ്ഞിരിക്കണം. പെരുമാറ്റ വൈകല്യങ്ങളേക്കാള്‍ കൂടുതല്‍ അറിവില്ലായ്‌മയാണ്‌ ആളുകളെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കുന്നത്‌ എന്ന കാര്യം പലപ്പോഴും നാം സൗകര്യപൂര്‍വം മറന്നുകളയുന്നു. ബാലപീഡനങ്ങളുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മാതാപിതാക്കളുടെ അറിവില്ലായ്‌മയാണ്‌ പലപ്പോഴും പീഡനങ്ങള്‍ക്ക്‌ അനുകൂല സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നു കാണാം.അച്ചടി- ദൃശ്യമാധ്യമങ്ങളിലൂടെയും ബോധവല്‍ക്കരണ ക്ലാസുകളിലൂടെയും ബാലപീഡനത്തെക്കുറിച്ച്‌ ഒരു പരിധിവരെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കഴിയും.

മാനസിക ആരോഗ്യമുളള ഒരു യുവതലമുറ വികസിക്കുന്നതിലൂടെ മാത്രമേ ബാലപീഡനം പോലുളള സാമൂഹിക വിപത്തില്‍ നിന്നു നമുക്ക്‌ മുക്തി നേടാനാവുകയുളളു. അതിന്‌ തുടക്കം കുറിക്കേണ്ടത്‌ കുട്ടികളില്‍ നിന്നാണ്‌. തുടങ്ങേണ്ടത്‌ മാതാപിതാക്കളും. അനുസരണാശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട വലിയൊരു ഗുണമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ആര്‌എന്തുപറഞ്ഞാലും അനുസരിക്കുന്ന കുട്ടികളായാലോ? സംഗതി പ്രശ്‌നമാവില്ലേ? അതുകൊണ്ട്‌ 'അനുസരിക്കുമ്പോഴും പുറത്ത്‌ അടിവാങ്ങുന്ന ഉഴവുകാരന്റെ കാളയാകാതെ ചോദ്യം ചെയ്‌തുകൊണ്ട്‌ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന ധിക്കാരി'കളെയാണ്‌ രൂപപ്പെടുത്തേണ്ടത്‌ . 'നോ'എന്നു പറയേണ്ടിടത്ത്‌ പറയാനും അംഗീകരിക്കേണ്ട കാര്യങ്ങള്‍ സ്വീകരിക്കാനുമുളള കഴിവ്‌ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ നാം ശ്രദ്ധിക്കണം.

പീഡനത്തിനിരയായ കുട്ടികള്‍ പലപ്പോഴും അത്തരം കാര്യങ്ങള്‍ മറ്റുളളവരോട്‌ തുറന്നു പറയാന്‍ മടിക്കും. അവിടെയാണ്‌ കുടുംബബന്ധങ്ങളുടെ വില നാം മനസിലാക്കേണ്ടത്‌. സുദൃഢമായ കുടുംബ ബന്ധങ്ങള്‍ കണ്ടുവളരുന്ന കുട്ടികള്‍ തീര്‍ച്ചയായും ഇക്കാര്യം മാതാപിതാക്കളോട്‌ തുറന്നു പറയും. മാതാപിതാക്കളുടെ സ്‌നേഹ പരിചരണങ്ങളും വേണ്ടിവരികയാണെങ്കില്‍ വിദഗ്‌ധ ചികിത്സയും ലഭിക്കുന്ന പക്ഷം പീഡനം ഏല്‍പ്പിച്ച മാനസികവും ശാരീരികവുമായ തകര്‍ച്ചയില്‍ നിന്നും അവര്‍ പതുക്കെ മോചിപ്പിക്കപ്പെടും. എന്നാല്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ മാതാപിതാക്കള്‍ക്കൊപ്പമോ സ്വരച്ചേര്‍ച്ചയില്ലാത്ത കുടുംബാംഗങ്ങള്‍ക്കിടയിലോ വളരുന്ന കുട്ടിയാണെങ്കില്‍ അവര്‍ ഒരിക്കലും തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞെന്നു വരില്ല. ഫലമോ,ജീവിത കാലം മുഴുവന്‍ ബാല്യത്തിലെ പേടിപ്പെടുത്തിയ ഓര്‍മകള്‍ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. അത്‌ ചില വ്യക്തിത്വ വൈകല്യങ്ങളിലേക്കും പെരുമാറ്റ ദൂഷ്യങ്ങളിലേക്കും കൊണ്ടെത്തിച്ചെന്നുവരാം. പല കേസുകളിലും പീഡനത്തിനിരയായ വ്യക്തിയുടെ ലൈംഗിക ജീവിതം പരാജയമാണ്‌.

യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയുമ്പോഴും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും അവയൊന്നും ഒരിക്കലും കുട്ടികളുടെ ബാല്യത്തിന്റെ നിറം കെടുത്തരുത്‌. ഇലയുടെ നിറം പച്ചയെന്നും ആകാശം നീലയെന്നും നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നവയെന്നും അവര്‍ പഠിക്കട്ടെ. ലോകത്തിലെ ഒരു ചിത്രകാരനും വരയ്‌ക്കാന്‍ കഴിയാത്ത ചായക്കൂട്ടുകള്‍ അന്തിവെയിലില്‍ ആകാശത്ത്‌ വിടരുന്നത്‌ കാണട്ടെ.മിന്നാമിനുങ്ങുകളെ ഉദിക്കുന്ന നക്ഷത്രങ്ങളായും ചിത്രശലഭങ്ങളെ പറക്കുന്ന പൂക്കളായും സങ്കല്‌പിക്കട്ടെ.അവരുടെ ജീവിതത്തില്‍ കുയിലിന്റെ പാട്ടിനും മൈനയുടെ കോലാഹലങ്ങള്‍ക്കും ഇടം കിട്ടട്ടെ.......

8 comments:

...പകല്‍കിനാവന്‍...daYdreamEr... said...

വളരെ നല്ല എഴുത്ത്.. അഭിനന്ദനങ്ങള്‍... പ്രിയപ്പെട്ട സുഹൃത്തിനു...!

Thaikaden said...

Innathe samoohathinu oru ormappeduthal. Thanks.

ഏ.ആര്‍. നജീം said...

നല്ലൊരു അഭിപ്രായം, നന്ദി

പിന്നെ, ഈ ഫോണ്ട് കളര്‍ ചുവപ്പ് ഒന്ന് മാറ്റിയാല്‍ നന്നായിരുന്നു. കണ്ണിന് എന്തോ ഒരു ഇത്... ഏത്..!

Bindhu Unny said...

Pinki Virani's book Bitter Chocolate is on child abuse. I talks about some shocking incidents. In most cases, abuse happens within the family. So where's safety? Hope more people become aware of this menace.

ജോ l JOE said...

വളരെ നല്ല എഴുത്ത്.. അഭിനന്ദനങ്ങള്‍...

സഞ്ചാരി said...

നന്നായിരിക്കുന്നു. തുറന്നു ചിന്തിക്കാന്‍ സമൂഹം പെടിക്കുമ്പോള്‍ സ്വാസ്ഥ്യം ചിതലരിക്കുന്ന നരകിച്ച നിശബ്ധതയാണ്‌ പിന്നെ സ്ഥാനം പിടിക്കുക. "എന്തു ചെയ്യാന്‍?" എന്നു പറഞ്ഞൊഴിയുന്ന നിരുന്മേഷത നിറഞ്ഞ മനസ്സുകളില്‍ നിന്നു എന്നെങ്കിലും ഈ സമൂഹം വളരുമോ എന്നൊക്കെ ചുമ്മാ ജാഢയ്ക്കു അടിച്ചു തള്ളാന്‍ എളുപ്പമാ....പക്ഷെ , ഞാനുള്‍പ്പെടുന്ന കുഞ്ഞുകൂടാണീ സമൂഹമെന്നത്‌ ഞാനും സൗകര്യപൂര്‍വ്വം മറന്നുവയ്ക്കുന്നിടത്ത്‌ നമ്മുടെ ധാര്‍മ്മികതയ്ക്കു പൂപ്പലാരംഭിക്കുന്നു.

എന്റെ വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക്‌ ഞാന്‍ ഒരു ഭീഷണിയാകുന്നില്ലെങ്കില്‍ , എന്റെ system ഹാര്‍ഡ്‌ ഡിസ്കില്‍ child porn പത്തിയമര്‍ത്തിയുറങ്ങുന്നില്ലെങ്കില്‍, എന്റെ മടിയിലെ കൊഞ്ചലില്‍ ഞാന്‍ വികാരാധീനനാകുന്നില്ലെങ്കില്‍...............എങ്കില്‍ ഏറെക്കുറെ ഞാനെങ്കിലും ഈ സമൂഹത്തിലെ ക്ലാവ്‌ വിളക്കുന്നവനായില്ലേ?

ഒന്നോര്‍ക്കുക, പല അവിഹിതബന്ധങ്ങളിലും പറയപ്പെടുമ്പോലെ അറിയാതെ, ശരീരത്തില്‍ കൊതിച്ചു അങ്ങനെ ചെയ്തു പോയി എന്നു ഇത്തരക്കാര്‍ക്ക്‌ പറഞ്ഞൊഴിയാനാവില്ല.....അല്ലേ?

felixwings@gmail.com

മാറുന്ന മലയാളി said...

ഈ ചിന്തകള്‍ ഉചിതമായി. റജി സംഭവത്തെ സംബന്ധിച്ചിട്ട ഒരു പോസ്റ്റ് എന്ത് പറ്റി നമുക്ക്?

sandeep salim (Sub Editor(Deepika Daily)) said...

പ്രതികരിച്ചവര്‍ക്കെല്ലാം നന്ദി..... അനുബന്ധം എഴുതി ചേര്‍ത്ത സഞ്ചാരിക്കും.....
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

FACEBOOK COMMENT BOX