Thursday, June 18, 2009

ചന്ദ്രസംഗീതം


സന്ദീപ്‌ സലിം

1983 മാര്‍ച്ച്‌ മാസത്തില്‍ ഏതാനും കുട്ടികളുമായി തിരുവനന്തപുരത്ത്‌ ആകാശവാണിയില്‍ `ബാലലോകം' എന്ന കുട്ടികളുടെ സംഗീത പരിപാടി അവതരിപ്പിക്കുമ്പോള്‍ പി ജി ചന്ദ്രന്‍ എന്ന ചന്ദ്രന്‍ പാമ്പാടി ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അതൊരുചരിത്രത്തിനു തുടക്കം കുറിക്കലാകുമെന്ന്‌. നീണ്ട 26 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ചന്ദ്രന്‍ പാമ്പാടിയുടേതല്ലാതെ `ബാലലോകം' നടന്നിട്ടുളളത്‌ വിരലിലെണ്ണാവുന്ന തവണകള്‍ മാത്രം. അദ്ദേഹം രൂപീകരിച്ച വികാസ്‌ ക്ലബ്‌ ഇന്നു കേരളത്തിലെ ഏറ്റവും പ്രമുഖ റേഡിയോ ക്ലബുകളിലൊന്നാണ്‌. ബാലലോകം പരിപാടിയുടെ മുഖ്യ സംഘാടകരും വികാസ്‌ ക്ലബ്‌ തന്നെ.

എല്ലാ ഞായറാഴ്‌ചകളിലും 10.30-ന്‌ ആകശവാണിയില്‍ പ്രക്ഷേപണം ചെയ്യുന്ന കുട്ടികളുടെ സംഗീതപരിപാടിയാണ്‌ ബാലലോകം. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നുമുളള കുട്ടികളാണ്‌ ഇവയില്‍ പങ്കെടുക്കുക. ലളിത ഗാനങ്ങള്‍ക്കും ശാസ്‌ത്രീയഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ്‌ പരിപാടി അവതരിപ്പിക്കപ്പെടുന്നത്‌.


തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍നിന്നും 1980ല്‍ സംഗീത പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ചന്ദ്രന്‍ സാറിന്റെ മനസില്‍ ഒരു ഗായകനാവുക എന്ന ആഗ്രഹം വേരൂന്നിയിരുന്നു. എന്നാല്‍ ജീവിതത്തിന്റെ അണിയറയില്‍ അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്‌ സംഗീതാധ്യാപകന്റെ വേഷമായിരുന്നു. പരിയാരം ഗവണ്‍മെന്റ്‌ സ്‌കൂളില്‍ സംഗീതാധ്യാപകനായിക്കൊണ്ട്‌ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം കുറിച്ചു. അവിടെനിന്നും തുടങ്ങിയതാണ്‌ അദ്ദേഹത്തിന്റെ ആകശവാണി ബന്ധം. അതിനും ചന്ദ്രന്‍ സാറിന്‌ വ്യക്തമായ ഉത്തരമുണ്ട്‌. `റേഡിയോ ആയിരുന്നു അന്നത്തെ പോപ്പുലര്‍ മീഡിയ. ഭീംസെന്‍ ജോഷിയേയും എം എസ്‌ സുബ്ബല ക്ഷ്‌മിയേയും കുമാര്‍ ഗന്ധര്‍വയേയു മൊക്കെ മലയാളികള്‍ അറിയുന്നത്‌ റേഡിയോയിലൂടെയാണല്ലോ. ടി വിയും ചാനലുകളുമൊന്നും അന്ന്‌ ഇത്ര പ്രചാരം നേടിയിട്ടില്ല. മാത്രവുമല്ല റേഡിയോ ശ്രോതാക്കളുടെ മുന്നില്‍ ഭാവനയുടെ അതിവിശാലമായ ഒരു ലോകം ക്രിയേറ്റ്‌ ചെയ്യുന്നു. അന്ന്‌ പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമേ കഴിയൂ. ഇന്ന്‌ അങ്ങനെയാണോ ? പാട്ടു നമ്മള്‍ കാണുകയല്ലേ ? അവിടെ ഭാവനയുടെ പ്രസക്തി നഷ്‌ടപ്പെടുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ എല്ലാത്തരം എക്‌സ്‌പോഷറുകളും സാദ്ധ്യമാണ്‌. എന്റെയൊക്കെ കാലത്ത്‌ ആകശവാണിയില്‍ പാടാന്‍ കഴിയുക എന്നത്‌ വലിയൊരു കാര്യമായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്‌ അവസരങ്ങള്‍ നമ്മള്‍ തേടിപ്പിടിച്ചു കൊടുക്കേണ്ട കാര്യമില്ല. അവസരങ്ങള്‍ അവരെ തേടി വന്നു കൊളളും'.

ബാലലോകത്തെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ ചന്ദ്രന്‍ സാറിന്റെ മുഖത്ത്‌ ഒരു കുട്ടിയുടെ ആവേശം. ഇപ്പോള്‍ കോട്ടയം പാമ്പാടി പി.ടി.എം ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ സംഗീതാധ്യാപകനാണ്‌ അദ്ദേഹം. എന്നാല്‍, തന്റെ അധ്യാപന ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും അദ്ദേഹം ബാലലോകത്തിനായി സമയം കണ്ടെത്തുന്നു. “ബാലലോകം അത്‌ ഒരിക്കലും നിര്‍ത്തില്ല. ആരോഗ്യമുളളിടത്തോളം അത്‌ തുടരും. നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്‌. ശാരീരികമായും സാമ്പത്തികമായും എന്നാല്‍ അവയെ എല്ലാം തരണം ചെയ്‌ത്‌ ഇവിടം വരെയെത്തി. ഇത്രയും വര്‍ഷത്തെ ബാലലോകം പരിപാടി അവതരണത്തിനിടെ മറക്കാനിഷ്‌ടപ്പെടുന്ന ഒരു സംഭവം പോലുമില്ല. ഞാന്‍ ഭംഗിവാക്ക്‌ പറയുകയല്ല. സത്യമാണ്‌. എന്നെ ഇന്നു കാണുന്ന നിലയിലെത്തിച്ചതിനു പിന്നില്‍ ബാലലോകത്തിന്റെ പങ്ക്‌ അമൂല്യമാണ്‌. ബാലലോകത്തിലൂടെ ഞാന്‍ പരിചയപ്പെടുത്തിയ കുട്ടികളെല്ലാം- ഇന്ന്‌ പലരും കുട്ടികളല്ല, എന്നെ ഇന്നും ഓര്‍ത്തിരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണത്‌. അതാണെന്റെ ആത്മസംതൃപ്‌തി. പിന്നെ ആദ്യത്തെ ഏതാനും പ്രോഗ്രാമുകളിലൊഴിച്ച്‌ മിക്കതിലും ഞാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനങ്ങളാണ്‌ കുട്ടികള്‍ പാടുന്നത്‌ അവ കേള്‍ക്കുമ്പോഴുണ്ടാകുന്ന സന്തോഷം അവയും വാക്കുകള്‍ക്ക്‌ അതീതമാണ്‌'. കുട്ടികളെ പാട്ടു പഠിപ്പിക്കുന്നതിനോടൊപ്പം അവര്‍ക്ക്‌ പാടാനുളള വേദിയൊരുക്കാനും സാറ്‌ ശ്രദ്ധിക്കുന്നു. പാടാന്‍ കഴിവുളളതു കൊണ്ടു മാത്രം ഒരാള്‍ ഗായകനാവുന്നില്ല, പാടാനുളള അവസരവും പ്രധാനമെന്നു വിശ്വസിക്കുന്നയാളാണ്‌ ചന്ദ്രന്‍ സാറ്‌. അതാണ്‌ ഇന്നും ബാലലോകം അവതരിപ്പിക്കാന്‍ സാറിനെ പ്രേരിപ്പിക്കുന്ന പ്രേരകശക്തി.
ആദ്യമായി സ്‌കൂളില്‍ സംഗീതം പഠിപ്പിക്കാന്‍ തുടങ്ങിയ കാലത്ത്‌ ധാരാളം ബുദ്ധിമുട്ടുകളും സാറിന്‌ നേരിടേണ്ടി വന്നു. ഒരു ക്ലാസില്‍ നിരവധി കുട്ടികള്‍; സംഗീതത്തോട്‌ താത്‌പര്യമുളളവരും തീരെ താത്‌പര്യമില്ലാത്തവരുമായ കുട്ടികള്‍. ഇവരെകൊണ്ടെല്ലാം പാട്ടു പാടിക്കുക. അസാധ്യം എന്ന്‌ മിക്കവരും സാക്ഷ്യപ്പെടുത്തും. എന്നാല്‍, അവിടെയാണ്‌ ചന്ദ്രന്‍ സാറ്‌ തന്റെ മികവ്‌ തെളിയിച്ചത്‌. എല്ലാ കുട്ടികളെ കൊണ്ടും അവരിഷ്‌ടപ്പെടുന്ന പാട്ട്‌ പാടാന്‍ സാറ്‌ അ വസരമൊരുക്കി. അങ്ങനെ പാടിയവര്‍ വലിയ പാട്ടുകാരൊന്നുമായില്ലെങ്കിലും അന്ന്‌ പാടാന്‍ കിട്ടിയ അവസരം വിനിയോഗിക്കുക വഴി തങ്ങള്‍ക്കു ലഭിച്ച ആത്മവിശ്വാസം ഭാവി ജീവിതത്തിന്‌ മുതല്‍ക്കൂട്ടായെന്ന്‌ അവര്‍ സാക്ഷ്യപ്പെടുത്തുമ്പോളും ചന്ദ്രന്‍ സാറിന്റ മുഖത്ത്‌ ഒരു ചെറുപുഞ്ചിരിമാത്രം.
രണ്ടു തലമുറയിലധികം കുട്ടികളെ ബാലലോകത്തിലൂടെ സാറ്‌ മലയാളി പ്രേഷകര്‍ക്ക്‌ പരിചയപ്പെടുത്തി. മികച്ച ഗായികയ്‌ക്കുളള ഉദയഭാനു ഫൗണ്ടേഷന്‍ പുരസ്‌കാരം നേടിയ രഞ്‌ജിനി ജോസ്‌, കൈരളി ടി വി നടത്തുന്ന ഗന്ധര്‍വസംഗീതം ജൂനിയര്‍ വിഭാഗത്തില്‍ ഫൈനലിസ്റ്റായ ഭരത്‌ തുടങ്ങി നിരവധി പേര്‍ ചന്ദ്രന്‍ സാറിന്റെ ശി ഷ്യന്‍മാരായുണ്ട്‌. ഗായകനും സം ഗീതഅധ്യാപകനുമപ്പുറം ചന്ദ്രന്‍ സാറ്‌ സം ഗീതസംവിധായകന്‍ കൂടിയാണ്‌. അദ്ദേഹം സംഗീതം നല്‍കിയ ആവണിപുലരിച്ചന്തം, അഭയം വരദം തുടങ്ങിയ ആല്‍ബങ്ങള്‍ ശ്രോതാക്കളുടെ മുക്തകണ്‌ഠമായ പ്രശംസ നേടിയതാണ്‌. ചങ്ങനാശേരിയിലെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച്‌ തയാറാക്കിയ 'അഭയം വരദം' ഭക്തിഗാന രംഗത്തെ പുത്തന്‍ പരീക്ഷണമായിരുന്നു.


തിരുവനന്തപുരത്തെ ആകാശവാണി സ്റ്റുഡിയോയിലാണ്‌ ബാലലോകത്തിന്റെ റെക്കോര്‍ഡിംഗ്‌ നടക്കുന്നത്‌. റെക്കോര്‍ഡിംഗിനായുള്ള യാത്രയില്‍ കുട്ടികളോടൊപ്പം തന്റെ ഭാര്യയും ഒപ്പമുണ്ടാകാറുണ്ടെന്ന്‌ സാര്‍ പറഞ്ഞു. തന്റെ ജീവിത വിജയത്തിനു പിന്നില്‍ തന്റെ ഭാര്യ രമണിയാണെന്ന്‌ സാറ്‌ സാക്ഷ്യപ്പെടുത്തുന്നു. ഭാര്യയുടെ സഹകരണമില്ലായിരുന്നെങ്കില്‍ താന്‍ ഒരിടത്തും എത്തില്ലായി രുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കളായ വീണയും വികാസും അച്ഛനു പിന്തുണയു മായുണ്ട്‌. ചന്ദ്രന്‍ പാമ്പാടി പാടിപ്പിക്കുകയാണ്‌. പുതുതലമുറയെ സംഗീതലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ട്‌...
ഫോട്ടോ: സനല്‍ വേളൂര്‍

No comments:

FACEBOOK COMMENT BOX