Thursday, January 21, 2010

നാറാണത്തു ഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ല്‌


ഉരുളുന്ന കല്ലില്‍ പൂപ്പല്‍ പിടിക്കില്ല
എന്നാല്‍,
നാറാണത്തു ഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ലില്‍
പൂപ്പല്‍ പിടിച്ചിരുന്നു

ശാപത്തിനും മോക്ഷത്തിനുമിടയില്‍
കല്ലായിത്തീര്‍ന്ന അഹല്യയുടെ തലമുടി

ദ്രോണര്‍ ദക്ഷിണയായി വാങ്ങിയ
ഏകലവ്യന്റെ വിരലാല്‍ പതിഞ്ഞ നഖക്ഷതം

ഇന്നലെ ബൈബിളും
രണ്ടു ദിവസം മുമ്പ്‌ ഖുറാനും
ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത ദിവസത്തില്‍
ഗീതയും തിന്നു തീര്‍ത്ത
ചിതലിന്റെ ചിറകുകള്‍

പളളിമുറ്റത്തിനും അമ്പലപ്പറമ്പിനുമിടയില്‍
വെയിലേറ്റു മങ്ങിയ ചോരക്കറകള്‍

തീവ്രപ്രണയം ഇടിമിന്നലായപ്പോള്‍
പൊളളിക്കരുവാളിച്ച പാടുകള്‍

വൃത്തത്തിലും ചതുരത്തിലും തൃകോണത്തിലും
പിന്നെ,
ജോമെട്രിയില്‍ നിര്‍വചനമില്ലാത്ത രൂപത്തിലും
ചിരിക്കുന്ന രാഷ്ട്രീയത്തിന്റെ ഖദര്‍ നൂലുകള്‍

ശരീരക്കൊതിയന്‍മാരുടെ എണ്ണം
അമ്പതു കടന്നപ്പോള്‍
ആത്മഹത്യ ചെയ്‌ത പതിമൂന്നുകാരിയുടെ
നിശബ്ദ തേങ്ങല്‍

കൊലവിളിയുടെ പശ്ചാത്തലത്തില്‍
ഷൂട്ട്‌ ചെയ്‌ത
ത്രിശൂലത്തില്‍ കോര്‍ത്ത
ഗര്‍ഭസ്ഥ ശിശുവിന്റെ ഫ്രെയിം

ഒടുക്കം
ആഴത്തില്‍ മുറിവേറ്റ കവിയുടെ
കൊഴുത്ത ചോരയില്‍ മുക്കിയെഴുതിയ
കവിതയുടെ അവസാന വരി.

11 comments:

പാവപ്പെട്ടവൻ said...

ഇന്നലെ ബൈബിളും
രണ്ടു ദിവസം മുമ്പ്‌ ഖുറാനും
ഓര്‍മിച്ചെടുക്കാന്‍ കഴിയാത്ത ദിവസത്തില്‍
ഗീതയും തിന്നു തീര്‍ത്ത
ചിതലിന്റെ ചിറകുകള്‍

പളളിമുറ്റത്തിനും അമ്പലപ്പറമ്പിനുമിടയില്‍
വെയിലേറ്റു മങ്ങിയ ചോരക്കറകള്‍

വിവാഹത്തിനു ശേഷമുള്ള ആദ്യ കവിത ദാര്‍ശനികമായ ചിന്തകളിലേക്ക് വളരുന്നു. വാര്‍ത്തമാന ഭൌതിക സാഹചര്യങ്ങള്‍ വിശകലനത്തിന്റെ മുഖങ്ങള്‍

ഉപാസന || Upasana said...
This comment has been removed by the author.
ഉപാസന || Upasana said...

ശാപത്തിനും മോക്ഷത്തിനുമിടയില്‍
കല്ലായിത്തീര്‍ന്ന അഹല്യയുടെ തലമുടി


aazayamuNT
:-)
Upasana

Off : First comment had a copy/paste problem. sorry

Muralee Mukundan , ബിലാത്തിപട്ടണം said...

കുഴപ്പമില്ല കേട്ടൊ ഭായി...

ചേച്ചിപ്പെണ്ണ്‍ said...

തുറന്നു എഴുതുന്നതില്‍ ക്ഷമിക്കുക ..
എന്താണെന്നറിയില്ല ഇപ്പൊ ബ്ലോഗ്ഗില്‍ കാണുന്ന
ഏകദേശം കവിതകളിലോക്കെ ഇതേ ബിംബങ്ങള്‍...
പ്രത്യാശയുടെ ഒരു ചെറിയ നൂലിഴ പോലും എങ്ങും ഇല്ല ....

Unknown said...

Nice read, dear. Keep writing.

Basheer Vallikkunnu said...

ആദ്യമായി വരികയാണ് ഇവിടെ. ഇനിയും വരാം.

വേണു venu said...

“നാറാണത്തു ഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ലില്‍
പൂപ്പല്‍ പിടിച്ചിരുന്നു.“
നാറാണത്തു ഭ്രാന്തനുരുട്ടിയ കല്ലില്‍ പിടിച്ചിരുന്ന വിയര്‍പ്പും, രക്തവും, പൊടിയും, വിളിച്ചു പറഞ്ഞത്..കേട്ട്...കണ്ട് മഞ്ഞളിച്ച ചില കണ്ണുകളില്‍ പൂപ്പല്‍ പിടിച്ചിരിക്കുന്നു.!

Kaithamullu said...

Thoughts കൊള്ളാം, ചെറുപ്പത്തിന്റെ തിളപ്പ്!

Views മനസ്സിലാക്കുന്നു. നല്ല ദിശയില്‍ തന്നെ.

Dreams എവിടെ സന്ദീപ്?
സ്വപ്നം കാണേണ്ട, പ്രവൃത്തിക്കേണ്ട സമയം ആയില്ലേ?

കവിക്ക് ആശംസകള്‍!

Sriletha Pillai said...

വരികള്‍ നടുക്കിക്കളഞ്ഞു.സത്യം എത്ര ഭീകരം!

Muralee Mukundan , ബിലാത്തിപട്ടണം said...

kocchu bheekaramaaya sathyangal...

FACEBOOK COMMENT BOX