Monday, September 20, 2010

അധ്വാനത്തിനുളള നോബല്‍ സമ്മാനം



സന്ദീപ് സലിം

ഇഷ്ട വിഷയം ആസ്വദിച്ചു പഠിക്കുക. കഴിയുന്നത്ര പഠിക്കുക. കഠിനാധ്വാനം ചെയ്യുക. കഠിനാധ്വാനത്തിനു പകരം വയ്ക്കാന്‍ ഇന്നുവരെ ഒന്നും കണ്ടെത്തിയിട്ടില്ല.'' പ്രഫ. ഫെരിദ് മുറാഡ്.
   സ്വന്തം അനുഭവത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇതുപറയുന്നത്. ശോചനീയമായ ഒരവസ്ഥയില്‍ നിന്ന് പ്രതിഭാശാലികളില്‍ത്തന്നെ ചുരുക്കം ചിലര്‍ക്കുമാത്രം എത്തിച്ചേരാന്‍ കഴിയുന്ന പദവിയിലെത്തിയ ആത്മാനുഭവാധിഷ്ഠിതമായ നിരീക്ഷണം.
"എന്റെ അച്ഛന്‍ ഹോട്ടല്‍ ഉടമയായിരുന്നു. ഹോട്ടലിന്റെ പിന്നിലായിട്ടായിരുന്നു ഞങ്ങളുടെ വീട്. ദിവസേന പതിനാറും പതിനെട്ടും മണിക്കൂര്‍ കഠിനമായി അധ്വാനിച്ചാണ് എന്റെ മാതാപിതാക്കള്‍ ഞാനുള്‍പ്പെടെയുളള മൂന്നു മക്കളെ വളര്‍ത്തിയത്. വളരെ ചെറുപ്പത്തില്‍ത്തന്നെ എനിക്ക് ഹോട്ടലില്‍ വെയിറ്ററുടെ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അവിടെ നിന്നാണു കഠിനാധ്വാനത്തിന്റെ വില ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മാതാപിതാക്കള്‍ എനിക്കു നല്കിയ ഏറ്റവും വലിയ അറിവും അതുതന്നെയാണ്...."
   ഇതുപറയുന്ന ഫെരിദ് മുറാഡ് ആരാണ്? പാരിസ്ഥിതിക സന്തുലനത്തിന് ഭീഷണി ഉയര്‍ത്തുന്ന, വില്ലന്‍ രാസവസ്തു എന്ന് ശാസ്ത്ര ലോകം വിശേഷിപ്പിച്ച, നൈട്രിക്  ഓക്‌സൈഡിന് മനുഷ്യശരീരത്തിലുളള പ്രാധാന്യം ശാസ്ത്രലോകത്തിന് കാട്ടിക്കൊടുത്ത വൈദ്യശാസ്ത്രകാരന്‍. ഈ കണ്ടെത്തലിന് 1998 ല്‍ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി.
      വാഹനങ്ങളും വലിയ ഫാക്ടറികളും പുറംതളളുന്ന നൈട്രിക് ഓക്‌സൈഡ് ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും നൈട്രിക് ഓക്‌സൈഡ് കാരണമാകുന്നു. ഇതൊക്കെയാണ് നൈട്രിക് ഓക്‌സൈഡിനെ വില്ലനാക്കിയത്. ഇങ്ങ}െ കരുതപ്പെട്ടിരുന്ന നൈട്രിക് ഓക്‌സൈഡി}് ശരീരകോശങ്ങളിലെ സംവേദനത്തില്‍  സുപ്രധാന പങ്കുവഹിക്കാനു|െന്നു ലോകത്തെ അറിയിച്ചത് മുറാഡാണ്. ഈ കണ്ടുപിടിത്തത്തില്‍ മുറാഡിനൊപ്പമുണ്ടായിരുന്ന റോബര്‍ട്ട് എഫ് ഫുച്ച്‌ഗോട്ട്, ലൂയി ജെ ഇഗ്നാറോ എന്നിവരും അദ്ദേഹത്തോടൊപ്പം നൊബേല്‍ സമ്മാനത്തിന് അര്‍ഹരായി. നിര്‍ജീവമാക്കപ്പെട്ട കോശങ്ങളെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍വരെ കഴിവുളള കണ്ടുപിടിത്തമാണ് മുറാഡും കൂട്ടരും നടത്തിയത്. അതിലൂടെ പക്ഷാഘാതം, മസ്തിഷ്കാഘാതം,  സ്മൃതിനാശം തുടങ്ങിയ ശാരീരിക അവസ്ഥകളെ തരണം ചെയ്യാന്‍ ഇന്നു നമുക്കു കഴിയുന്നു.നൈട്രിക് ഓക്‌സൈഡിന്റെ ജീവശാസ്ത്രപരമായ പ്രാധാന്യം കണ്ടെത്തുക വഴി  കോടിക്കണക്കിന് ജനങ്ങളുടെ ജീവനാണ് സംരക്ഷിക്കപ്പെട്ടത്. ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍, മസ്തിഷ്ഘാതം, സ്മൃതിനാശം, പക്ഷാഘാതം, സെറിബ്രല്‍ ഹെമറേജ്, മാനസിക വൈകല്യങ്ങള്‍ തുടങ്ങി നിരവധിപ്രശ്}ങ്ങള്‍ക്കു നൈട്രിക് ഓക്‌സൈഡ് ഇന്നു മരുന്നാണ്. അല്‍ബേനിയന്‍ സ്വദേശി ജാബിര്‍ മുറാഡ് ഇജുപിയുടെയും അമേരിക്കക്കാരി ഹെന്‍്‌റിറ്റാ ബോമാന്റെയും മൂത്തമകനായി 1936 സെപ്റ്റംബര്‍ 14നാണ് മുറാഡിന്റെ ജനനം. ഹോട്ടല്‍ ബിസിനസിലെ വരുമാനത്തിലൂടെ മുറാഡിന്റെ അച്ഛന്‍ ഒരു സത്രം തുടങ്ങി. വാടകക്കാരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് അമ്മയായിരുന്നു. വാടകക്കാര്‍ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാല്‍ അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്കിയിരുന്നതും അവരെ ശുശ്രൂഷിച്ചിരുന്നതും മുറാഡിന്റെ അമ്മയാണ്. സഹായത്തിനായി മുത്തശിയുമുണ്ടായിരുന്നു. അമ്മയുടെ  ഈ രോഗീശുശ്രൂഷയാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന മുറാഡിനെ വൈദ്യശാസ്ത്രം ഐച്ഛികവിഷയമായെടുക്കാന്‍ പ്രേരിപ്പിച്ചത്.
     വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടുക എന്നതിനപ്പുറം വൈദ്യശാസ്ത്ര ഗവേഷകനെന്ന നിലയിലേക്ക് മുറാഡ് നയിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരമിങ്ങനെ: "എന്റെ അച്ഛന് കേടായ ഉപകരണങ്ങള്‍ നന്നാക്കുന്നതില്‍ അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. അച്ഛനോടൊപ്പം നടന്ന് ഇതു കണ്ടു പഠിക്കാന്‍ അവസരം ലഭിച്ചതാണ് വൈദ്യശാസ്ത്ര ഗവേഷണങ്ങള്‍്ക്ക് എന്നെ പ്രേരിപ്പിച്ച സുപ്രധാന ഘടകം.''
    അതിസൂക്ഷ്മമായ നിരീക്ഷണപാടവമാണ് മുറാഡിനെ ലോകപ്രശസ്ത}ായ ഗവേഷകനാക്കിമാറ്റിയത്. തന്റെ സ്കൂള്‍ പഠനകാലത്ത്്, ജീവിതത്തില്‍ ആയിത്തീരാന്‍ ആഗ്രഹിക്കുന്ന മൂന്നു പ്രഫഷനുകളെക്കുറിച്ച് ലേഖനം എഴുതാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം എഴുതിയത് ഡോക്ടര്‍, അധ്യാപകന്‍, ഫാര്‍മസിസ്റ്റ് എന്നിവരെക്കുറിച്ചായിരുന്നു. എന്നാല്‍ കാലവും കഠിനാധ്വാനവും മുറാഡിനെ ഈ മൂന്നു മേഖലയിലും വ്യക്തി മുദ്രപതിപ്പിക്കാന്‍ പ്രാപ്തനാക്കി.
    തന്റെ പ്രഫഷനെക്കുറിച്ച് ചോദിക്കുമ്പോള്‍ എഴുപത്തിനാലാം വയസിലും അദ്ദേഹം ആവേശഭരിതനാവുന്നു: "വ്യാഖ്യാനം ചെയ്യാനുളള കഴിവോ ഗവേഷണ സാധ്യതയുളള വിഷയങ്ങളോ സര്‍വകലാശാലാ സിലബസുകളോ ഒന്നുമല്ല ഗവേഷകനെ ത്രസിപ്പിക്കുന്നത്. മറിച്ച് ഗവേഷണമെന്നതു ജീവിത ശൈലിയാണ്. ഗവേഷണത്തോട് നാം വച്ചുപുലര്‍ത്തുന്ന മനോഭാവവുമാണു പ്രധാ}ം. ഇന്നലെ വരെ ഉ|ാക്കിയ നേട്ടങ്ങളെക്കുറിച്ചോര്‍ത്ത് പുളകംകൊളളുകയും വാചാലനാവുകയും ചെയ്യാറുണ്ട്, സത്യമാണ്. ഗവേഷണശാലയില്‍ കയറുമ്പോള്‍, പ്രസംഗവേദിയില്‍ മൈക്കിനു മുമ്പില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ ഗവേഷകന്റെ മേലങ്കി എടുത്തണിയുന്നു. അല്ലാത്തപ്പോള്‍ ഞാന്‍ ലോകത്തിലെ കോടിക്കണക്കിന് സാധാരണ മനുഷ്യരില്‍ ഒരാള്‍ മാത്രമാണ്. ഇഷ്ടപ്പെട്ട വിഷയം എനിക്ക് മതിവരുവോളം പഠിക്കാന്‍ കഴിഞ്ഞു. ക്ഷമിക്കണം, ഇപ്പോഴും പഠിച്ച് മതിവന്നിട്ടില്ല''.
   ഗവേഷണങ്ങളുടേയും പരീക്ഷണങ്ങളുടേയും തിരക്കുകള്‍ക്കിടയിലും സൗഹൃദങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വിലകല്പിക്കുന്ന വ്യക്തിയാണ് മുറാഡ്. തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ ചിത്രങ്ങളില്‍ വളരെ തെളിമയുളളത് സുഹൃത്ത് റൊണാള്‍ഡ് ഡെലിസ്മണിന്റേതാണ്. "റൊണാള്‍ഡ് എന്റെ ബാല്യകാല സുഹൃത്താണ്. നഴ്‌സറി സ്കൂളില്‍ തുടങ്ങുന്നതാണ് ഞങ്ങളുടെ സൗഹൃദം. അന്നു മുതല്‍ എല്ലാകാര്യങ്ങളിലും ഞങ്ങള്‍ പരസ്പരം മത്സരിക്കുമായിരുന്നു. പഠനത്തില്‍, ചെസ്സില്‍, ഫെന്‍സിംഗില്‍, സ്‌പോര്‍ട്‌സില്‍, അങ്ങനെ എല്ലാകാര്യങ്ങളിലും. അവന്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായി. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് റിട്ടയര്‍  ചെയ്തു. ഇന്നും ഞങ്ങള്‍ പഴയ സൗഹൃദം കാത്തു സൂക്ഷിക്കുന്നു. അറുപത്തി ഏഴുവര്‍ഷമായി തുടരുന്ന സൗഹൃദം.  അവന്റെ ജോലി ഔദ്യോഗിക രഹസ്യങ്ങള്‍ നിറഞ്ഞതാണ്. ബോംബര്‍ വിമാനങ്ങളെക്കുറിച്ചും യുദ്ധ തന്ത്രങ്ങളെക്കുറിച്ചും മറ്റും. അത്തരംകാര്യങ്ങള്‍ അവന്‍ ഒരിക്കലും എന്നോടു സംസാരിച്ചിരുന്നില്ല. അതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ അവന്‍ പറയുക അതു നിന്നോടു പറഞ്ഞാല്‍ എനിക്കു നിന്നെ കൊല്ലേണ്ടിവരുമെന്നാണ്.''.
   1965-ല്‍ മാസച്ചൂസെറ്റ്‌സിലെ ജനറല്‍ ഹോസ്പിറ്റലില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ സാധിച്ചതാണ് മുറാഡിനെ മെഡിക്കല്‍ ഗവേഷകന്‍ എന്ന നിലയിലേക്ക് ഉയര്‍ത്തിയതെന്നു വേണമെങ്കില്‍ പറയാം. മുതിര്‍ന്ന ഡോക്ടര്‍മാരും വൈദ്യശാസ്ത്ര ഗവേഷകരുമായി സൗഹൃദം സ്ഥാപിക്കാനും അവരോടൊപ്പം പ്രവര്‍ത്തിക്കാനും മുറാഡിന് അങ്ങ}െ അവസരം ലഭിച്ചു. അലക്‌സ് ലീഫ്, ഡാന്‍ ഫെഡര്‍മാന്‍, ഫ്രാങ്ക് ഓസ്റ്റിന്‍, കെന്‍ ഷൈന്‍ തുടങ്ങി നിരവധി പ്രമുഖരോടൊപ്പം  പ്രവര്‍ത്തിക്കാന്‍ ജനറല്‍ ഹോസ്പിറ്റലിലെ ഇന്റേണ്‍ഷിപ്പ് കാലത്ത് സാധിച്ചു. അവിടെ നിന്നു ലഭിച്ച പരിചയവും അറിവുമാണു തന്നെ ഗവേഷകനാക്കിയതെന്ന് മുറാഡ് വ്യക്തമാക്കുന്നു. ജനറല്‍ ഹോസ്പിറ്റലിലെ ജോലിക്കിടയില്‍, മുറാഡ് തനിക്ക് ചെയ്യാന്‍ കഴിയുന്ന പരീക്ഷണങ്ങളുടെ ലിസ്റ്റും വിശദാംശങ്ങളും അടങ്ങിയ നോട്ട് ബുക്ക് തയാറാക്കിയിരുന്നു. ഈ നോട്ടുബുക്കാണു തനിക്കു ശാസ്ത്രജ്ഞന്‍ എന്ന പേരുനേടിത്തന്നതെന്ന് മുറാഡ് ഓര്‍ക്കുന്നു.
   പിന്നീട് 1967-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തില്‍ ക്ലിനിക്കല്‍ അസോസിയേറ്റായി ചേരുകയും മൂന്നു വര്‍ഷക്കാലം ഗവേഷണവും മറ്റുമായി അവിടെ തുടരുകയും ചെയ്തു. അക്കാലത്താണ് മുറാഡ് തന്റെ കരിയറിലെ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നത്. പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയില്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റ് പ്രഫസറായി പ്രവര്‍ത്തിക്കാനുളള അവസരം ലഭിച്ചു. 1993-ല്‍  മോളിക്യുലര്‍ ജെറിയാട്രിക് കമ്പനി എന്ന പേരില്‍ അദ്ദേഹം പുതിയൊരു ബയോടെക് കമ്പനി രൂപവത്കരിച്ചു. എന്നാല്‍ സാമ്പത്തിക പ്രശ്}ത്തെത്തുടര്‍ന്ന് അദ്ദേഹം 1997 ഏപ്രിലില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസില്‍ പുതിയതായി രൂപവത്കരിച്ച ബേസിക് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെയര്‍മാനായി ചേര്‍ന്നു. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിനു കീഴിലുളള ദ ബ്രൗണ്‍ ഫൗണ്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോളിക്യുലര്‍ മെഡിസിനില്‍ പ്രഫസറാണ്. ഇവിടെ മുറാഡിനു കീഴില്‍ ഇരുപതിലേറെ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുന്നുണ്ട്.
    നോബല്‍ സമ്മാനം തനിക്ക് കൂടുതല്‍ സാമൂഹികബന്ധങ്ങള്‍ നേടിത്തന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുരസ്കാര നേട്ടത്തെത്തുടര്‍ന്ന് ജീവിതം കൂടുതല്‍ തിരക്കു പിടിച്ചതായിത്തീര്‍ന്നിരിക്കുന്നു. }ൊബേല്‍ നേടിയതിനു ശേഷമുളള കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലധികം മൈല്‍ദൂരം താന്‍ യാത്രചെയ്തു കഴിഞ്ഞതായി മുറാഡ് വ്യക്തമാക്കുന്നു. പ്രഭാഷണത്തിനും സംവാദത്തിനുമായി എഴുപതിലേറെ രാജ്യങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചു.
 നൈട്രിക് ഓക്‌സൈഡിന് മ}ുഷ്യ കോശങ്ങളിലെ ആശയവിനിമയത്തിനുളള പ്രാധാ}്യത്തെ ക്കുറിച്ച് അയ്യായിരത്തോളം പഠനങ്ങളും ലേഖനങ്ങളും മുറാഡ് തയാറാക്കിയിട്ടു|്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തം 1.2 ലക്ഷത്തിലധികം ഗവേഷണ ലേഖ}ങ്ങളുടെയും പതിനഞ്ചിലേറെ മരുന്നു കമ്പനികളുടെയും ഉത്ഭവത്തിന് കാരണമായി.
      കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ കേരളം വളരെ ഹൃദ്യമായി അനുഭവപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ ഭാഗമായി സ്കൂള്‍കുട്ടികളുമായി നടത്തിയ സംവാദത്തിനു ശേഷം അദ്ദേഹം പറഞ്ഞത് കുട്ടികളുമായി സംവദിക്കുക എന്നത് വളരെ പ്രയാസമാണ്, അവരുടെ സംശയങ്ങള്‍ക്കു ശരിയായി ഉത്തരം പറയാനുളള അറിവ് തനിക്കില്ല എന്നാണ്. എന്നാല്‍ അവരോട് സംവദിക്കുമ്പോള്‍ തന്റെ പ്രായം കുറയുന്നതായി തോന്നാറുണ്ടെന്നും മുറാഡ് പറഞ്ഞു.
"യുവത്വം ഫലപ്രദമായി ആഘോഷിക്കാനുള്ളതാണ്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കൊണ്ട്, കഠിനാധ്വാനം ചെയ്തു കൊണ്ട്്, ജീവിതം  ആസ്വദിക്കുക. സ്വന്തം കരിയറിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഒരിക്കലും സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെടുത്തിക്കളയരുത്. സ്വന്തം നേട്ടങ്ങളില്‍ സംതൃപ്തി കണ്ടെത്തുന്നതോടൊപ്പം, സമൂഹത്തിന് എന്തു നല്കാന്‍ കഴിഞ്ഞു എന്നും നാം ചിന്തിക്കണം. എന്നെക്കാള്‍ പ്രഗത്ഭരായ നിരവധി ആളുകള്‍ നടത്തിയ പരീക്ഷണങ്ങളാണ് ഈ ക|ുപിടിത്തങ്ങളിലേക്ക് എന്നെ നയിച്ചത് അവരെ ലോകം അറിയാതെ പോയിട്ടുണ്ട്. എന്റെ ഈ നേട്ടം അവര്‍ക്കു കൂടി അവകാശപ്പെട്ടതാണ്. ഞാനൊരു ഡോക്ടര്‍ ആയിരുന്നുവെങ്കില്‍ എനിക്ക് ആയിരക്കണക്കിന് രോഗികളെ സഹായിക്കാമായിരുന്നു. ഞാനൊരു ശാസ്ത്രഗവേഷകനായതുകൊണ്ട് എനിക്ക് കോടിക്കണക്കിന് ജനങ്ങളെ സഹായിക്കാന്‍ സാധിക്കുന്നു. ഈ ചിന്തയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഗവേഷകനായതു മൂലം എനിക്കു നഷ്ടപ്പെട്ടു പോയ നിരവധി കാര്യങ്ങളുണ്ട്. അവയെക്കുറിച്ചുളള ദു:ഖം ഉരുക്കിക്കളയാന്‍ മാത്രം കരുത്ത് ഈ ചിന്ത എനിക്കു നല്‍കുന്നുണ്ട്''. പുതിയ തലമുറയോട് മുറാഡ് പറഞ്ഞുവച്ചു.
     1958-ലായിരുന്നു മുറാഡിന്റെ വിവാഹം. അധ്യാപികയും സ്‌പെയിന്‍കാരിയുമായ കരോള്‍ ആന്‍ ലിയോപോള്‍ഡാണു ഭാര്യ. ഇരട്ടകള്‍ ഉള്‍പ്പെടെ അഞ്ചുമക്കളാണ് മുറാഡ്- കരോള്‍ ദമ്പതികള്‍ക്കുളളത്.

4 comments:

ശ്രീ said...

നല്ല ലേഖനം

Anees Hassan said...

മികച്ച വായനാനുഭവം.

shajkumar said...

നല്ല ലേഖനം

Sureshkumar Punjhayil said...

Adwanathinulla prathibalam...!!!

Ashamsakal..!!!

FACEBOOK COMMENT BOX