Friday, April 1, 2011

വീട്ടിലേക്കുളള വഴിതേടിക്കൊണ്ടിരിക്കുന്നു...

""വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു

കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍,
പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്,
കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍'' (വീട്ടിലേക്കുള്ള വഴി)

ഡി. വിനയചന്ദ്രന്‍ / സന്ദീപ് സലിം

കവിതയിലും ജീവിതത്തിലും നിത്യസഞ്ചാരിയായ ഡി. വിനയചന്ദ്രന്‍ എന്ന കവിക്ക് കവിത സ്വന്തം വീട്ടിലേക്കുള്ള വഴിയാണ്. ഇടതുപക്ഷ രാഷ്ട്രീയം കത്തിനിന്നിരുന്ന എഴുപതുകളില്‍ വ്യത്യസ്്തമായ ജീവിതാനുഭവങ്ങളെ കവിതകളില്‍ ആവേശിപ്പിച്ച് കടന്നുവന്ന കവിയാണ് വിനയചന്ദ്രന്‍. തീര്‍ത്തും വ്യത്യസ്തവും ജൈവീകമായ അനുഭവലോകങ്ങളെ ആവിഷ്കരിക്കുന്നതില്‍ സര്‍ഗാത്മക ജാഗ്രത വിനയചന്ദ്രന്‍ പുലര്‍ത്തിയിരുന്നു. യാത്രകളിലൂടെ ആര്‍ജിച്ചെടുത്ത നാട്ടറിവുകളെ കവിതയില്‍ സന്നിവേശിപ്പിക്കുന്നതില്‍ വിനയചന്ദ്രനോളം പ്രാഗത്ഭ്യം പുലര്‍ത്തിയിട്ടുളള കവികള്‍ മലയാളത്തില്‍ വിരളം. പ്രമേയങ്ങളിലും ഭാഷയുടെ പ്രയോഗത്തിലും അദ്ദേഹം പുലര്‍ത്തുന്ന അനാദൃശമായ വഴക്കവും പടര്‍ച്ചയും ഈ സര്‍ഗാത്മകസഞ്ചാരങ്ങളുടെ ഉത്പന്നമാണ്. കഥയും കവിതയും നോവലും കാവ്യനാടകങ്ങളുമെല്ലാം എഴുതാറുണ്ട് വിനയചന്ദ്രന്‍. മെരുങ്ങാത്ത വാക്കുകള്‍ കൊണ്ട് പരുക്കന്‍ കവിതകളെഴുതുന്ന വിനയചന്ദ്രന്റെ കവിതകള്‍ നാട്ടുനടപ്പുകളെ പൂര്‍ണമായും ധിക്കരിക്കുന്നു. ആത്മകഥാ സ്പര്‍ശമുളള അനുഭവം, ഓര്‍മ, യാത്ര എന്ന പുസ്തകം എഴുതുന്ന തിരക്കിലായ അദ്ദേഹം തന്റെ കവിതകളെ കുറിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചും സംസാരിക്കുന്നു.

എന്നില്‍ കവിത ജനിക്കുന്നു
എന്റെ ചെറുപ്പകാലത്തു ഏതാണ്ട് എല്ലാ ദിവസവും രാമായണവും ഭാഗവതവും വായിക്കാറുണ്ടായിരുന്നു. ഒരു പകലുകൊണ്ട് ശ്രീരാമ പട്ടാഭിഷേകമൊക്കെ വായിക്കും. അമ്മയും അമ്മൂമ്മയുമൊക്കെയാണ് വായിക്കുക. ഉത്സവത്തിന് കഥകളി കാണാന്‍ വളരെ ചെറുപ്പം മുതലേ പോകുമായിരുന്നു. വൈകുന്നേരങ്ങളില്‍ അച്ഛനും അമ്മാവന്‍മാരുമൊക്കെ ചേര്‍ന്ന് സാഹിത്യ ചര്‍ച്ചയൊക്കെ നടക്കുമായിരുന്നു. അത്തരം അന്തരീക്ഷങ്ങളില്‍ വളര്‍ന്നതു കൊണ്ടായിരിക്കാം പെട്ടന്നു കാര്യങ്ങള്‍ ഗ്രഹിക്കാനും ഓര്‍മയില്‍ വയ്ക്കാനും എനിക്കു പ്രയാസമില്ലായിരുന്നു. അര്‍ഥം ഗ്രഹിച്ചല്ലെങ്കിലും നാലാമത്തെ വയസില്‍ എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം കൂട്ടിവായിക്കുമായിരുന്നു. നിലത്തെഴുത്തു പഠിക്കുന്ന കാലമാണത്. പാഠിപ്പിക്കുമ്പോള്‍ത്തന്നെ ഞാന്‍ പാഠങ്ങള്‍ വേഗം പഠിച്ചിട്ട് കൂടെയുളളവരെ പഠിപ്പിക്കുമായിരുന്നു. ആറു വയസുമുതല്‍ കവിത മനസിലുണ്ട്. കവിതയ്ക്കു വേണ്ടി ബോധപൂര്‍വം ഇരിക്കുന്നതല്ല. എങ്കിലും മനസിലുളളത് കവിതയാണെന്ന് ഉളളില്‍ പറയുന്നുണ്ട്. എഴുതുന്നത് വളരെ രഹസ്യമായിട്ടാണ്, അച്ഛനേയും അമ്മയേയും ഒന്നും കാണിക്കാതെ. എഴുതിയത് ആരേയും കാണിക്കാന്‍ ലജ്ജ അനുവദിക്കാറില്ലായിരുന്നു. ആരെയെങ്കിലും കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും നാണം കാരണം അതിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ കീറിക്കളയുകയായിരുന്നു പതിവ്. ഇത് പിന്നെയും പിന്നെയും തുടരും. ആവര്‍ത്തിച്ചുളള ഈ പ്രവര്‍ത്തിയാണ് എന്തോ ഒന്ന് നമ്മുടെ മനസിലുണ്ടെന്ന ബോധ്യം നല്‍കുന്നത്.

അന്നെല്ലാവരും വൃത്തത്തിലാണ് കവിത എഴുതിയിരുന്നത്. മുതിര്‍ന്നപ്പോള്‍ പലതരം വൃത്തങ്ങളില്‍ കവിത എഴുതാനുളള പ്രാപ്തി നേടാനായി ശ്രമം. വീട്ടില്‍ നിരവധി കവിതകള്‍ അച്ഛനും അമ്മയും പകര്‍ത്തിവച്ചിട്ടുണ്ടായിരുന്നു. നല്ല വടിവൊത്ത അക്ഷരത്തില്‍. അച്ഛനും അമ്മയും ഒന്‍പതാം ക്ലാസുവരെ പഠിച്ചവരായിരുന്നു. ആശാന്‍, വള്ളത്തോള്‍ , ഉള്ളൂര്‍, കെ. സി. കേശവ പിള്ള, ഇടപ്പള്ളി, ചങ്ങമ്പുഴ തുടങ്ങിയവരുടെ കവിതകള്‍ വായിക്കുന്നത് അങ്ങനെയാണ്.

പദ്യം കഴിഞ്ഞേ സാഹിത്യമുള്ളൂവെന്ന ധാരണയാണ് അന്നുണ്ടായിരുന്നത്. നിരന്തരമായി കവിതകള്‍ എഴുതിക്കൊണ്ടിരുന്നു. കാവ്യഗുണം നോക്കിയാല്‍ നിലവാരമില്ലാത്ത കവിതകളായിരുന്നു മിക്കതും. പ്രശസ്തരെ അനുകരിച്ചെഴുതാനുളള പ്രേരണയുണ്ടായിരുന്നെങ്കിലും ആ പ്രേരണയ്ക്ക് ഠാന്‍ വഴങ്ങിയിട്ടില്ല. നമ്മുടെ അനുഭവങ്ങളില്‍ നിന്നു കൊണ്ടായിരുന്നു അന്ന് എഴുതിയിരുന്നത്. വീടിനെപ്പറ്റിയോ അപ്പൂപ്പനെ പറ്റിയൊക്കെയാണ് അക്കാലത്ത് നമ്മുടെ എഴുത്ത്.

പ്രീ യൂണിവേഴ്‌സിറ്റി പഠനകാലത്ത് കോളജ് മാഗസിനില്‍ മലയാളം വിഭാഗത്തില്‍ ആദ്യത്തേതായി എന്റെ കവിത പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് കോളജിലായപ്പോഴേക്കും മാതൃഭൂമിയുടേയും ജനയുഗത്തിന്റെയും മെയിന്‍ പംക്തിയില്‍ എഴുതിത്തുടങ്ങി. പട്ടാമ്പിയില്‍ എം. എയ്ക്കു പഠിക്കുന്ന സമയത്ത് മാതൃഭൂമിയുടെ വിഷുപ്പതിപ്പിലേക്ക് എന്റെ കവിത തെരഞ്ഞെടുക്കെപ്പടുകയുണ്ടായി. വിഷുപ്പതിപ്പിലേക്ക് കവിത തെരഞ്ഞെടുക്കപ്പെടുകയെന്ന് വലിയൊരു അംഗീകാരവും എല്ലാവരും അറിയുന്ന കാര്യവുമാണ്. ഇതിനു ശേഷം മാതൃഭൂമിയുടെ പൊതു പംക്തിയില്‍ നിരന്തരമായി കവിതകള്‍ എഴുതിത്തുടങ്ങി.

ബിരുദ പഠനകാലത്തു സമാന്തര പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതിയിരുന്നു. അക്കാലത്ത് നമുക്ക് നിലവാരമുളള ധാരാളം സമാന്തരപ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. കേരളകവിത, യുവരശ്മി, സമീക്ഷ തുടങ്ങിയ സമാന്തര പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

മാതൃഭൂമിയുടെ വിഷുപ്പതിപ്പിലേക്ക് എന്റെ കവിത തെരഞ്ഞെടുത്തത് ജി. എന്‍. പിള്ള എന്ന എഡിറ്ററാണ്. പുതുമുഖ കവികള്‍ക്ക് അദ്ദേഹം പ്രാമുഖ്യം നല്‍കിയിരുന്നു. അന്ന് മാതൃഭൂമിയുടെ പത്രാധിപര്‍ എന്‍. വി. കൃഷ്ണവാര്യരായിരുന്നു. കഥകള്‍ തെരഞ്ഞെടുത്തിരുന്നത് എംടിയും.

എന്നിലെ കവിയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചവരില്‍ എം. ഗോവിന്ദന്റെ സ്ഥാനം വളരെ വലുതാണ്. സമീക്ഷ എന്ന സാന്തരപ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു അദ്ദേഹം. ഇങ്ങോട്ട് ആവശ്യപ്പെട്ട് കവിതകള്‍ എഴുതിവാങ്ങിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. ഗോവിന്ദന്റെ നിര്‍ബന്ധത്തിന് വഴങ്ങി മദ്രാസില്‍ തമിഴ്-മലയാളം കവിസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് എന്റെ കാവ്യ ജീവിതത്തിലെ വലിയൊരു കാര്യമാണ്.

പട്ടാമ്പിയിലെ എംഎ പഠനകാലത്തെ സുഹൃത്തുക്കളില്‍ എല്ലാവരുംതന്നെ വായനയിലും സാഹിത്യത്തിലും അഭിരുചിയുളളവരായിരുന്നു. മുതിര്‍ന്നവര്‍ ശ്രദ്ധിക്കാതെ പോയിരുന്ന ആധുനിക സാഹിത്യം അന്ന് ഞങ്ങളായിരുന്നു വായിച്ചിരുന്നത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍, തുടങ്ങിയ കവിതകളും സക്കറിയായുടെ കഥകളും അന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

നമ്മില്‍ ഒരു കലാകാരനുണ്ട് എന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെയത് വിടാതിരിക്കുക എന്നതാണ് പ്രധാന കാര്യം. അതില്‍ അഹങ്കരിക്കാതെ പ്രസിദ്ധീകരണത്തിന്റെ സാധ്യതകള്‍ ഉണ്ടായാലും ഇല്ലെങ്കിലും നമ്മള്‍ എഴുതിക്കൊണ്ടിരിക്കുക.

ഒരിക്കലും ആരേയും അനുകരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ തലമുറയിലെ കവികള്‍ ഭാവുകത്വപരമായി ലോകത്തില്‍ നടന്നിരുന്ന മാറ്റങ്ങളൊക്കെ അറിഞ്ഞിരുന്നു. ഈ അറിവ് നിലവിലുളള ഭാവുകത്വത്തില്‍ നിന്നും മാറി എഴുതുന്നതിനും മറ്റുള്ളവര്‍ കൊണ്ടുവരാത്ത ഉള്ളടക്കങ്ങളും രചനാ ശൈലികളും കൊണ്ടുവരണമെന്ന ചിന്തകളാണ് എന്റെ കവിതകളെ ശ്രദ്ധാകേന്ദ്രമാക്കിയത്.


ജീവിതാനുഭവങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി വായനാനുഭവം
ജീവിതത്തില്‍ ധാരാളം ക്ലേശങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതൊരു ഭംഗിവാക്കല്ല. എന്റെ പതിനൊന്നാമത്തെ വയസിലാണ് അമ്മയുടെ മരണം. അത് അച്ഛനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. വീട്ടില്‍ നിന്നും പഠനത്തിനായി മാറി നിന്നപ്പോഴാണ് വളരെ ബുദ്ധിമുട്ടിയത്. താമസക്കൂലി, ഫീസ്, ഭക്ഷണത്തിനുള്ള പണം തുടങ്ങിയ കാര്യങ്ങള്‍ക്ക് സത്യത്തില്‍ യാതൊരു വഴിയും മുന്നിലില്ലാതെയാണ് പഠനത്തിനായി ഞാന്‍ വീടുവിട്ടത്.

വീട്ടില്‍ എല്ലാക്കാര്യത്തിനും ബാട്ടര്‍ സിസ്റ്റമായിരുന്നതു കൊണ്ട് വീടുവിട്ടിറങ്ങിയപ്പോഴാണ് പണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. കൊയ്ത്തുകാര്‍ക്ക് നെല്ലും തേങ്ങയിടുന്നവര്‍ക്ക് തേങ്ങയുമൊക്കെയായിരുന്നു കൂലി. പൈസയുടെ ആവശ്യമില്ലായിരുന്നു. എന്നാല്‍, കോളജില്‍ പഠിക്കുമ്പോള്‍ സ്ഥിതി അതല്ലല്ലോ? ലോഡ്ജ് വാടക, ഫീസ്, ഭക്ഷണച്ചെലവ് ഇതിനെല്ലാം പൈസ തന്നെവേണ്ടേ? പ്രീ യൂണിവേഴ്‌സിറ്റി പഠനകാലത്ത് 13 രൂപയോ മറ്റോ ആയിരുന്നു ഫീസ്. അത് എന്റെ അമ്മാവന്‍ തരാമെന്ന് ഏറ്റിരുന്നു. അത് വാങ്ങാനായി പത്തും പതിനഞ്ചും കിലോമീറ്റര്‍ ഭക്ഷണവും വെള്ളവുമില്ലാതെ നടക്കേണ്ടി വന്നിട്ടുണ്ട്. കാശില്ലാതിരുന്നതു കൊണ്ട്. പലപ്പോഴും കോളജില്‍ പോകാതെ വീട്ടില്‍ കഴിയേണ്ടിവന്നിട്ടുണ്ട്.

പ്രാരാബ്ദം മൂലം ആരോഗ്യവകുപ്പില്‍ എല്‍ഡിക്ലാര്‍ക്കായി ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. അധികമാരും അറിഞ്ഞിട്ടില്ലാത്ത കാര്യമാണിത്. മാനസികമായി അടുപ്പമില്ലാതിരുന്നതുകൊണ്ട് സഹപ്രവര്‍ത്തകരുമായി ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഒടുവില്‍ ആ അധ്യായം അടച്ച് ഞാന്‍ പട്ടാമ്പിയില്‍ എംഎയ്ക്കായി പോവുകയായിരുന്നു. ഭക്ഷണത്തിനുളള പൈസകണ്ടെത്തുന്നതിനായി മേനോന്‍ എന്നൊരാള്‍ നടത്തിയിരുന്ന ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുത്തിട്ടുണ്ട്.

ജീവിതാനുഭവങ്ങളെപ്പോലെ വളരെ ഗാഢവും ആദേശശക്തിയുമുള്ളതാണ് വായനാനുഭങ്ങളും. ശരിക്കും ഒരു രൂപാന്തരത്തിലേക്കു നയിക്കാന്‍ മാത്രം തീക്ഷണമാണ് വായനാനുഭവം.

എന്റെ വായന ആരംഭിക്കുന്നത് നാലാമത്തെ വയസു മുതലാണ്. അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളായി വായിക്കാന്‍ പഠിച്ചകാലത്തു ആദ്യം വായിക്കുന്നതു എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണവും ഭാഗവതവുമാണ്. പിന്നീട് അച്ഛനും അമ്മയും പകര്‍ത്തി സൂക്ഷിച്ചിരുന്ന പദ്യങ്ങളിലേക്കായിയ അവിടെ നിന്നു തൊട്ടടുത്ത ഗ്രാമീണ വായനശാലയിലേക്കായി. എന്റെ വായനയുടെ ചക്രവാളം വികസിച്ചു കൊണ്ടേയിരുന്നു. നാലാം വയസില്‍ തുടക്കമിട്ട വായന ഇന്നും തുടരുന്നു.

ആളൊഴിഞ്ഞ വീട്ടില്‍ ഒറ്റയ്ക്കിരുന്നായിരുന്നു അന്ന് പുസ്തകങ്ങള്‍ വായിച്ചിരുന്നത്. അവ്യക്തതയും നിബിഡതയും നിറഞ്ഞ ഒന്നായിട്ടാണ് ആശാന്റെ കൃതികള്‍ ആദ്യവായനകളില്‍ അനുഭവപ്പെട്ടത്. ആശാന്‍ കവിതകളിലെ ആശയത്തിന്റെ നൂതനത്വവും രചനാ രീതികളില്‍ ആശാന്‍ സന്നിവേശിപ്പിച്ച സൂക്ഷമ ഘടകങ്ങളും അന്ന് മനസിലായിരുന്നെങ്കിലും നളിനിയും ലീലയും മദനനും അന്നുമുതല്‍ എന്നോടൊപ്പമുണ്ടായിരുന്നു.

പദ്യത്തിനാണ് സാഹിത്യത്തിലെ സമുന്നത സ്ഥാനമെന്ന് ധാരണ തിരുത്തി പ്രതിഷ്ഠിച്ചതും വായനയാണ്. കവിത കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സാഹിത്യ ശാഖ നോവലുകളാണ്. നോവലുകളിലേക്ക് എന്നെ അടുപ്പിച്ചത് ഹൈസ്കൂള്‍ കാലത്തെ വായനയാണ്. റഷ്യന്‍ നോവലുകളുടെ വിവര്‍ത്തനങ്ങള്‍ വളരെ ആവേശത്തോടെയാണ് അന്ന് വായിച്ചിരുന്നത്. ഫ്രഞ്ച് കൃതികളുടെ വായനയിലും വളരെ താത്പര്യം കാണിച്ചിരുന്നു. വിക്ടര്‍ യൂഗോ, ബല്‍സാക്ക്, എമിലി സോള, ടോള്‍സ്‌റ്റോയി, ടര്‍ജനീവ് തുടങ്ങിയവരുടെ കൃതികള്‍ അക്കാലത്ത് വായിച്ചിരുന്നു. ദസ്‌തേവ്‌വിസ്കിയുടെ കരമസോവ് ബ്രദേഴ്‌സ് നല്‍കിയ വായനാനുഭവം വളരെ വ്യത്യസ്തമായിരുന്നു. ഒറ്റയിരുപ്പിനാണ് പുസ്തകം വായിച്ചു തീര്‍ത്തത്. അന്നും ചെറുകഥാ സാഹിത്യം എനിക്ക് അന്യമായിരുന്നു. പിന്നീട് ചെറുകഥകളിലേക്ക് എന്നെ അടുപ്പിച്ചത് കാഫ്‌കെയും ബോര്‍ഹസുമാണ്. ഏത് കാലഘട്ടത്തില്‍ എപ്പോള്‍ വായിച്ചാലും പുതുമ നഷ്ടപ്പെടുന്നില്ല എന്നതാണ് ഇവരുടെ കഥകളുടെ പ്രത്യേകത. പിന്നീട് സാലിംഗര്‍, റൂള്‍ഫോ, പെഡ്രോപരാമ, ഹെര്‍മന്‍ ബ്രോഹ്മിന്‍ തുടങ്ങിയവരും എന്റെ പ്രിയപ്പെട്ട കഥാകൃത്തുക്കളായി.

ഒരു നല്ല പുസ്തകം വായിക്കുന്നതിനു മുമ്പും വായിച്ചു കഴിഞ്ഞ ശേഷവുമുളള ചിന്ത വളരെ വ്യത്യസ്തമായിരിക്കും എത്രയോ തവണ ഞാനത് അനുഭവിച്ചിരിക്കുന്നു. നദികളെ കുറിച്ചുളള ജീവനലീലയോ, തപോവന സ്വാമികളുടെ ഹിമഗിരി വിഹാരമോ ഒക്കെ വായിച്ചു കഴിഞ്ഞാല്‍ ഞാന്‍ പറഞ്ഞ വ്യത്യസ്തത നമുക്ക് അനുഭപ്പെടും തീര്‍ച്ച.

എന്റെ കവിതകളെ വിലയിരുത്തുന്നു
ജീവിതാനുഭവങ്ങള്‍ എഴുത്തുകാരന്റെ സ്പര്‍ശിനികളാണ്. നമ്മള്‍ കാണിന്നതിനെ, അനുഭവിക്കുന്നതിനെയൊക്കെ പൂരിപ്പിക്കുമ്പോഴാണ് നല്ലൊരു കവിത ജനിക്കുന്നത്. പാട്ടുകച്ചേരി, നാഗസ്വരക്കച്ചേരി, ഉത്സവമേളങ്ങള്‍, കഥകളി, നൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ കാണാന്‍ എനിക്ക് വലിയ കമ്പമുണ്യായിരുന്നു. അതുകൊണ്ടു തന്നെ എന്റെ കവിതകളില്‍ ഈ കലാരൂപങ്ങളുടെയൊക്കെ സ്വാധീനം ദൃശ്യമാണ്. മഹത്തായ കൃതികളില്‍ ദൃശ്യമാകുന്ന സൂക്ഷമമോ നിബിഡമോ അപരിചിതമോആയ ഭാവുകത്വങ്ങളെ സ്വീകരിക്കാനുളള ഒരിടം എന്റെ കവിതകളില്‍ ഞാനൊഴിച്ചിട്ടിരുന്നു. ലോകത്തിലെ എല്ലാകാര്യങ്ങളും അവയെത്ര സൂക്ഷ്മമായിരുന്നാലും വൈകാരികമായ പ്രചോദനം കവിയില്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രചോദനത്തില്‍ നിന്നും ഊര്‍ജ്ം ഉള്‍ക്കൊണ്ട് സര്‍ഗാത്മക ജാഗ്രതയോടെ നടത്തുന്ന രചനകളാണ് എന്റെ കവിതകള്‍.

വ്യത്യസ്തമായ ജീവിതരീതികള്‍ മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഗോത്രവര്‍ഗ ജീവിതം, ഗാഗരിക ജീവിതം, മതാത്മകമായ ജീവിതം, തുടങ്ങിയ വ്യത്യസ്തമായ ജീവിത രീതികളില്‍ നിന്നും കവിത കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. വ്യത്യസ്തമായ ജീവിതങ്ങളുടെ താളം കവിതയില്‍ സന്നിവേശിപ്പിക്കാനുളള ബോധപൂര്‍വമായ ശ്രമം എന്റെ കവികളില്‍ കണ്ടെത്താനാവും. ലോകത്തിലെ ഒരോപുതുമകള്‍ കാണുമ്പോഴും അദ്ഭുതപ്പെടുന്ന കുട്ടിയെപ്പോലെ ഇത്തരം അനുഭവ വൈവിധ്യങ്ങള്‍ എന്റെ കവിതകളെ സമ്പന്നമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍, അവര്‍ കാണുന്ന വലിയ സ്വപ്‌നങ്ങള്‍, സ്‌നേഹവും സ്‌നേഹരാഹിത്യവും, സ്വാതന്ത്ര്യത്തിനു വേണ്ടിയുളള പോരാട്ടങ്ങള്‍ ഇവയെല്ലാം നമുക്ക് നല്‍കുന്ന ഉള്‍ക്കാഴ്ച എന്റെ കവിതകളിലൂടെ പ്രതിഫലിപ്പിക്കാന്‍ ഞാന്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ട്. ഇവയെല്ലാം എനിക്ക് വ്യവസ്ഥാപിതമായ രചനാ രീതികളില്‍ നിന്നും മാറി നില്‍ക്കുന്നവനെന്ന പേര്( ചീത്തപ്പെരുമാകാം) നേടിത്തന്നിട്ടുണ്ട്. കവിതയെഴുതുന്നതിന് പ്രത്യേക രീതികളൊന്നും ഞാന്‍ പിന്തുടര്‍ന്നിട്ടില്ല. മനസ്സിലാണ് ആദ്യം കവിതയെഴുതുക. ഉള്ളില്‍ത്തന്നെ വെട്ടിയും തിരുത്തിയും അവനവനു കേള്‍ക്കാന്‍ പാകത്തില്‍ ചൊല്ലിനടക്കും. പിന്നെ അടുത്ത കൂട്ടുകാരെ ചൊല്ലികേള്‍പ്പിക്കും. അതും കഴിഞ്ഞാലേ കവിത കടലാസ്സിലേക്കു മാറ്റിയെഴുതൂ.


എന്റെ സൗഹൃദങ്ങള്‍
ഞാന്‍ വേദികളില്‍ ഏറ്റവും കൂടുതല്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുളളത് കടമ്മനിട്ടയോടൊപ്പമാണ്. നിരവധി വേദികളില്‍ ഞങ്ങള്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പൊതുവേദികളിലും, ലോഡ്ജുകളിലും, കൂട്ടുകാരുടെ വീടുകളിലും, തെരുവുകളിലും, ബാറുകളിലും, ഞങ്ങള്‍ ഒരുമിച്ചു കവിതകള്‍ ചൊല്ലിനടന്നിട്ടുണ്ട്.

ഒരു സമയത്ത് കടമ്മനിട്ട കാട്ടാളന്‍, കിരീതവൃത്തം, പുരുഷസൂക്തം തുടങ്ങിയ കവിതകളാണ് ചൊല്ലിയിരുന്നപ്പോള്‍. ഞാന്‍ കോലങ്ങള്‍, ചരിത്രം, യാത്രാപ്പാട്ട്, കുന്തച്ചേച്ചി തുടങ്ങിയവയാണ് ചൊല്ലിയിരുന്നത്. പിന്നീട് കടമ്മനിട്ട പൂച്ചയാണിന്നെന്റെ ദുഖം, ദേവീസ്തവം, ശാന്ത, കണ്ണൂര്‍ക്കോട്ട തുടങ്ങിയവയിലേക്കു മാറിയപ്പോള്‍ ഞാന്‍ വിനായക ചന്ദ്രിക, കാട്, കായിക്കരയിലെ കടല്‍, ചിത്ര ജാതകം, കുഞ്ഞനുണ്ണി തുടങ്ങിയവയിലേക്കും മാറി. ഓര്‍മയില്‍ നിന്നും കവിത ചൊല്ലുന്നതില്‍ കടമ്മനിട്ടയോളം കഴിവ് തെളിയിച്ചവര്‍ വേറെയില്ല. ഞാന്‍ കടമ്മനിട്ടയുടെ കീഴിലേവരൂ. ബംഗാളിലെ ബാവുല്‍ ഗായകരും ഗദ്ദറും കടമ്മനിട്ടയുമാണ് വാമൊഴിയിലൂടെ ജനങ്ങളെ ആകര്‍ഷിച്ചത്.

ഞാന്‍ തിരുവനന്തപുരത്ത് ഗവേഷകനായി കഴിയുന്ന കാലത്താണ് കവി അയ്യപ്പനെ പരിചയപ്പെടുന്നത്. അയ്യപ്പനന്ന് നവയുഗത്തില്‍ പ്രൂഫ് റീഡറോ മറ്റോആണ്. പിന്നീടാണ് അയ്യപ്പന്‍ അക്ഷരം എന്ന സമാന്തര മാസിക തുടങ്ങുന്നത്. നദിയുടെ മൂന്നാം കര, ദൈവത്തിന്റെ കൈപ്പട തുടങ്ങിയ ലാറ്റിനമേരിക്കന്‍ കഥകള്‍ ഞാന്‍ വിവര്‍ത്തനം ചെയ്ത് അക്ഷരത്തില്‍ പ്രസിദ്ധീകരിച്ചു. ബി. രാജീവന്റെ ലേഖനം, ഒഎന്‍വിയുടെ അക്ഷരം എന്നകവിത, കടമ്മനിട്ടയുടെ കടിഞ്ഞൂല്‍പൊട്ടന്‍, എന്റെ ജാതകകഥകള്‍ തുടങ്ങിയവയെല്ലാം അക്ഷരത്തിലൂടെയാണ് പുറത്തു വരുന്നത്. 1973 ല്‍ എനിക്ക് എറണാകുളത്ത് ജോലികിട്ടിയതോടെ ഞാന്‍ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു താമസം മാറി. അതോടെ അക്ഷരവും നിന്നു എന്നു തന്നെ പറയാം. പിന്നെ ഞാന്‍ കാണുന്നത് തെരുവുകളിലും ലോഡ്ജുകളിലും അലഞ്ഞു തിരിയുന്ന അയ്യപ്പനെയാണ്. യാതൊരു കഴിവുമില്ലാത്ത കുറെ സിനിമാക്കാരും അധോലോകക്കാരുമാണ് അദ്ദേഹത്തെ ഈ വിധത്തിലാക്കിയത്. അക്കാലത്ത് അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല.

വൈലോപ്പിളളിയുമായുളള സൗഹൃദം എന്റെ കാവ്യ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുളളത്. ഗുരുവായൂര്‍ ലിറ്റില്‍ പ്ലവര്‍ കോളജില്‍ നടന്ന കവിയരങ്ങിലാണ് വൈലോപ്പിളളിയുമായി ഞാന്‍ അടുക്കുന്നത്. അതിനുമുമ്പേ പരിചയമുണ്ടെങ്കിലും. സംഘാടകരുടെ പെരുമാറ്റത്തിലെ അതൃപ്തി കാരണം അദ്ദേഹം കവിത ചൊല്ലിയില്ല. ഞാന്‍ എന്റെ കോലങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. പിന്നീട് കന്യാസ്ത്രികളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രസംഗിച്ച അദ്ദേഹം നടത്തിയ മുക്കാല്‍ മണിക്കൂര്‍ പ്രസംഗത്തില്‍ എന്റെ കോലങ്ങളെ പ്രശംസിക്കുകയുണ്ടായി. പ്രോഗ്രം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം തന്റെ പ്രസംഗത്തില്‍ അഹങ്കരിക്കരുതെന്നും പറഞ്ഞു. പിന്നീട് മറ്റൊരു വേദിയില്‍ ഞാനുള്‍പ്പെടുന്ന പുതുതലമുറ കവികളെ കാലന്‍കോഴികളെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് അടിയേല്‍ക്കാതെ രക്ഷപെട്ടു
അടിടന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ അധ്യാപകനാണ്. കോട്ടപ്പടിയിലാണ് കോളജ്. ഭാഗ്യം കൊണ്ടുമാത്രമാണ് അന്ന് മര്‍ദനമേല്‍ക്കാതെ രക്ഷപെടാനായത്. അടിയന്തരാവസ്ഥയ്‌ക്കെതിരേ ക്ലാസെടുത്തു എന്നു പറഞ്ഞ് എന്നെ സ്റ്റേഷനിലേക്കു വിളിപ്പിക്കുകയിുണ്ടായെങ്കിലും തെറ്റുകാരനല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വെറുതെ വിടുകയായിരുന്നു. എങ്കിലും ലോഡ്ജുകളിലും കോളജിലും അസ്വാതന്ത്ര്യം നിറഞ്ഞ ദിനങ്ങളായിരുന്നു എനിക്ക് നേരിടേണ്ടി വന്നത്. മാര്‍ക്‌സിന്റെയോ ലെനിന്റെയോ പടമുളള പുസ്തകങ്ങളോ മാസികകളോ ഉണ്ടെങ്കില്‍ പോലീസ് അറസ്റ്റു ചെയ്യുമായിരുന്നു. അത്തരം പുസ്തകങ്ങള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വീടുകളിലേക്ക് മാറ്റിയിരുന്നു. അടിയന്തരാവസ്ഥ സൃഷ്ടിച്ച ഭീകരതയ്‌ക്കെതിരേ അജ്ഞാതരും അപ്രശസ്തരുമായ ഏതാനും നാട്ടുകാര്‍ മാത്രമേ ചെറുത്തു നിന്നിരുന്നുളളൂ. എതിര്‍ക്കുന്നവരെല്ലാം ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഒറ്റപ്പെട്ട വ്യക്തികള്‍ പ്രത്യക്ഷമായി അടിയന്തിരാവസ്ഥയെ എതിര്‍ത്താല്‍ വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടു തന്നെ അടിയന്തിരാവസ്ഥയെ എതിര്‍ക്കാത്തതിന് വ്യക്തികളെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല.1946 മെയ് 13ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലടയില്‍ ജനിച്ച ഈ കവി തലശ്ശേരി ബ്രണ്ണന്‍ കോളജ്, മലപ്പുറം ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ്, കോട്ടയത്ത് മഹാത്മഗാന്ധി സര്‍വകലാശാല സ്ക്കൂള്‍ ഓഫ് ലെറ്റേഴ്‌സ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്കാരം, പി സ്മാരക പുരസ്കാരം തുടങ്ങിയവ സ്വന്തമാക്കിയിട്ടുണ്ട്. ഡി. വിനയചന്ദ്രന്റെ കവിതകള്‍ (കവിത), നരകം ഒരു പ്രേമകവിത എഴുതുന്നു (കവിത), ദിശാസൂചി (കവിത), കായിക്കരയിലെ കടല്‍ (കവിത), വീട്ടിലേക്കുള്ള വഴി (കവിത), സമയമാനസം (കവിത), സൗമ്യാകാശി (കവിത), ഉപരികുന്ന് (നോവല്‍), പൊടിച്ചി (നോവല്‍), വംശഗാഥ (ഖണ്ഡകാവ്യം), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), നദിയുടെ മൂന്നാംകര (പരിഭാഷ/ലോകകഥകള്‍), പോസ്റ്റ്മാന്‍ (പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (പരിഭാഷ), ഭൂമിയുടെ നട്ടെല്ല് (കവിത), ശ്രദ്ധ (വിമര്‍ശനങ്ങള്‍), ആഫ്രിക്കന്‍ നാടോടിക്കവിതകള്‍ (പുനരാഖ്യാനം), ദിഗംബരക്കവിതകള്‍ (പരിഭാഷ), പ്രണയകവിതകള്‍ (കവിത), യൂണിവേഴ്‌സിറ്റി കോളേജ് കവിതകള്‍ (എഡിറ്റര്‍), കര്‍പ്പൂരമഴ/പിയുടെ കവിതകള്‍ (എഡിറ്റര്‍) തുടങ്ങിയവ ഡി. വിനയചന്ദ്രന്റെ പ്രധാന കൃതികളാണ്.

4 comments:

പാവപ്പെട്ടവന്‍ said...

മാനസികമായി എന്നും എനിക്കു അടുപ്പമുള്ള ഒരു കവിയാണ് ഡി. വിനയചന്ദ്രന്‍ സാർ .അദ്ദേഹത്തെ കുറിച്ചു വളരെ വിശാലമായ ഒരു അഭിമുഖം തയ്യാറാക്കിയ സന്ദീപിനോടു എന്റെ വ്യക്തിപരമായ സന്തോഷവും സ്നേഹവും ഇവിടെ അടയാളപ്പെടുത്തുന്നു.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ല അഭിമുഖം കേട്ടൊ ഭായ്

കൊട്ടോട്ടിക്കാരന്‍... said...

ഒരു ലഘു ജീവചരിത്രം തന്നെ അനുഭവപ്പെട്ടു. പോസ്റ്റിന്റെ നീളക്കൂടുതല്‍ സാധാരണ പോസ്റ്റുകളില്‍ അലോസരമുണ്ടാക്കാറുണ്ട്. എന്തുകൊണ്ടോ ഇവിടെ അതുണ്ടായില്ല. പിന്നെ കവിതകള്‍ നുമ്മട ഇഷ്ട സംബവമായതിനാല്‍ നന്നായി വായിക്കാനും പറ്റി. ഈ അഭിമുഖം ഇവിടെ പകര്‍ന്നു തന്നതിന് നന്ദി...

MINI.M.B said...

നല്ല അഭിമുഖം. വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു.

FACEBOOK COMMENT BOX