നമ്മുടെ മകരമാസം തമിഴ്‌നാട്ടില്‍ തൈമാസമാണ്. തൈമാസം ആരംഭിക്കുന്നതു പൊങ്കല്‍ ഉല്‍സവത്തോടെയും. അത് തമിഴരുടെ വിളവെടുപ്പുല്‍സവമാണ്. എന്നാല്‍ തമിഴ്‌നാടിന്റെ ചില പ്രദ്‌ശങ്ങളില്‍ ഉളളവര്‍ക്കെങ്കിലും ജല്ലിക്കെട്ടിനെ മാറ്റിനിര്‍ത്തി പൊങ്കലിനെക്കുറിച്ചു ചിന്തിക്കാന്‍ വയ്യ. 2007-ല്‍ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ചതിനെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല. വിധി പുന:പരിശോധിക്കാന്‍ കോടതിയെ പ്രേരിപ്പിക്കത്തക്ക വിധത്തിലായി പ്രതിഷേധങ്ങള്‍. അതിനെത്തുടര്‍ന്ന്, കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളോടെ ജല്ലിക്കെട്ട് നടത്താന്‍ അനുമതി. ഈ വര്‍ഷം ജല്ലിക്കെട്ട് പുനരാരംഭിച്ചപ്പോഴോ ? ജീവന്‍ നഷ്‌ടപ്പെട്ടത് ആറുപേര്‍ക്ക്. പരിക്കേറ്റത് മുപ്പതിലേറെപ്പേര്‍ക്കും.
ചോരയൊഴുകാതെ എന്തു ജല്ലിക്കെട്ട് ?
ചോരയൊഴുകിയാലും പോരാ, മരണങ്ങളും ഉണ്ടായാലേ ജല്ലിക്കെട്ടാവൂ എന്ന് ആരോ ചിലരൊക്കെ കരുതുന്നതുകൊണ്ടാവുമോ വേണ്ടത്ര വൈദ്യസഹായം പോലും ഏര്‍പ്പാടു ചെയ്യാതെ ജല്ലിക്കെട്ടു പുനരാരംഭിച്ചത്?
കഴിഞ്ഞ കുറെ ദശകങ്ങള്‍ക്കുളളില്‍ ജല്ലിക്കെട്ടില്‍ കൊല്ലപ്പെട്ടതു നാലായിരത്തോളം പേരാണെന്നു കേള്‍ക്കുന്നു.
മനുഷ്യനു സാഹസികതയോടും സാഹസിക വിനോദങ്ങളോടുമുള്ള ഒടുങ്ങാത്ത ആവേശത്തിനു പ്രത്യക്ഷ ഉദാഹരണമാണ് ജല്ലിക്കെട്ട് മഹോത്സവം. ചരിത്രകാരന്മാരുടെ ഭാഷയില്‍ ലോകത്തു നിലനില്‍ക്കുന്ന ഏറ്റവും പ്രാചീനമായ കായിക വിനോദങ്ങളില്‍ ഒന്നാണ് ജല്ലിക്കെട്ട്.
നാലു ദിവസം നീണ്ടു നില്‌ക്കുന്ന ഉത്സവമായ പൊങ്കലിന്റെ അവസാന ദിനമായ മാട്ടുപ്പൊങ്കലിനാണ് ജല്ലിക്കെട്ട് അരങ്ങേറുന്നത്. മധുരയ്‌ക്കു സമീപമുള്ള അളഹാനല്ലൂരാണ് ഇതിന് ഏറ്റവും പ്രശസ്‌തിയാര്‍ജിച്ച സ്ഥലം.
ഒരു തുറന്ന സ്ഥലത്ത് പ്രത്യേകം തയാറാക്കിനിര്‍ത്തിയ കൂറ്റന്‍ കാളയുമായി മനുഷ്യര്‍ നടത്തുന്ന മല്‍പ്പിടിത്തമാണ് ജല്ലിക്കെട്ടില്‍ അരങ്ങേറുന്നത്. മുന്നോട്ടു കുതിക്കുന്ന കാളയെ കൊമ്പിലോ മുതുകിലെ മുഴയിലോ പിടിച്ച് കീഴ്‌പ്പെടുത്തുകയാണ് ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്നവരുടെ ലക്ഷ്യം. പ്രത്യേകം തയാറാക്കിയ കാളയെ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് തുറന്നു വിടുന്നതോടു കൂടിയാണ് ജെല്ലിക്കെട്ടു മത്സരം ആരംഭിക്കുന്നത്. വന്യമായ കരുത്തോടുകൂടി മുന്നോട്ടു കുതിക്കുന്ന കാളയെ കീഴ്‌പെടുത്തുന്നതിനായി ആള്‍ക്കൂട്ടത്തില്‍ നിന്നാണ് പോരാളികള്‍ മുന്നോട്ടുവരുന്നത്. മല്‍സരത്തിന് തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തില്‍ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്. പലപ്പോഴും കാളയ്‌ക്ക് മയക്കു മരുന്നും മദ്യവും നല്‍കി ലഹരി പിടിപ്പിച്ച ശേഷമാണ് ജെല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്. കാളയുമായി മല്‍പ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക് കാളയുടെ കൊമ്പില്‍ പിടിച്ച് മണ്ണില്‍ മുട്ടിക്കാനായാല്‍ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്‌പെടുത്താന്‍. പുരുഷന്മാര്‍ മാത്രമാണ് ജല്ലിക്കെട്ടില്‍ പങ്കെടുക്കാറ്.
ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ കൃഷിയുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷത്തിന്റെ തമിഴ് ഭാഷ്യമാണു പൊങ്കല്‍. ലോകമെങ്ങുമുള്ള തമിഴ് വംശജര്‍ ഇത് ആഘോഷിക്കുന്നു. ജല്ലിക്കെട്ടില്‍ വിജയിക്കുന്നയാള്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിക്കും. അത് കാളക്കൊമ്പില്‍ കെട്ടിവച്ചാണ് നല്‍കുന്നത്. മത്സരവിജയിക്ക് ലഭിക്കുന്ന സമ്മാനങ്ങളെക്കാള്‍, പ്രശസ്‌തിയും വീരാരാധനയുമാണ് മത്സരാര്‍ഥികള്‍ പ്രധാനമായി കാണുന്നത്.
ജല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രാമവാസികളുടെ ഇടയില്‍ വലിയ സ്ഥാനമാണുള്ളത്. ഇവരെ വിവാഹം കഴിക്കാന്‍ അന്യഗ്രാമങ്ങളില്‍ നിന്നുപോലും പെണ്‍കുട്ടികള്‍ വന്നെത്താറുണ്ടയിരുന്നത്രേ. തങ്ങളുടെ പൗരുഷവും അസാധാരണ ധൈര്യവും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായാണ് യുവാക്കള്‍ ജല്ലിക്കെട്ടിനെ കണ്ടിരുന്നത്. എന്തായാലും തങ്ങള്‍ക്കു ലഭിക്കുന്ന ഈ വീരപുരുഷ പരിവേഷമാണ് ജല്ലിക്കെട്ടില്‍ പങ്കെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം.
പ്രമുഖ ചരിത്രകാരന്‍ എന്‍. മരുതനായകത്തിന്റെ അഭിപ്രായത്തില്‍ ജമീന്ദാര്‍മാരും നാട്ടുരാജാക്കന്മാരുമൊക്കെ ഭരിച്ചിരുന്ന ക്ലാസിക്കല്‍ തമിഴ് കാലഘട്ടം മുതല്‍ നിലവിലുള്ള കായിക വിനോദമാണു ജല്ലിക്കെട്ട്. ഒരു കായിക വിനോദമെന്നതിനുമപ്പുറം നാട്ടുരാജാക്കന്മാര്‍ തമ്മില്‍ നിലനിന്നിരുന്ന ശത്രുതയും കുടിപ്പകയും, എന്തിന് കുടുംബവഴക്കുപോലും, പരിഹരിച്ചിരുന്നത് ജല്ലിക്കെട്ടിലൂടെയായിരുന്നു. ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്നതിനായി ഓരോ നാടുവാഴിയുടെ കീഴിലും പ്രത്യേക പരിശീലനം നേടിയ യോദ്ധാക്കളും ജല്ലിക്കെട്ട് കാളകളുമുണ്ടായിരുന്നു.
`കാശ്' എന്നര്‍ഥം വരുന്ന `സല്ലി' എന്ന പദവും `പൊതി' എന്നര്‍ഥം വരുന്ന `കെട്ട്' എന്ന പദവും കൂടിച്ചേര്‍ന്നാണ് ഇന്ന് ഉപയോഗത്തിലിരിക്കുന്ന `ജല്ലിക്കെട്ട്' എന്ന പദം ഉരുത്തിരിഞ്ഞതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. കാളയെ പിന്‍തുടരുക എന്നര്‍ഥം വരുന്ന `മഞ്ഞുവിരാട്ട്' എന്ന പ്രാദേശിക പദമാണ് ഇന്നും ഗ്രാമവാസികള്‍ ഉപയോഗിക്കുന്നത്. ജല്ലിക്കെട്ടിന്റെ ഉദ്‌ഭവകാലഘട്ടത്തെക്കുറിച്ച് ഇന്നും വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടില്ല. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്നു കണ്ടെത്തിയ പ്രാചീന ഗുഹാചിത്രങ്ങളില്‍ ജല്ലിക്കെട്ടിന് സമാനമായ രംഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പുരാവസ്‌തു ഗവേഷകരുടെ സഹായത്തോടെ ഇവയുടെ കാലപ്പഴക്കം നിര്‍ണയിച്ചതില്‍ നിന്ന് ജല്ലിക്കെട്ടിന് ഏതാണ്ട് 3500 വര്‍ഷത്തിനുമേല്‍ പഴക്കമുണ്ടെന്നു കരുതുന്നു. മണ്‍പാത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്ന ശുദ്ധമായ കളിമണ്ണും കാവിമണ്ണും ചേര്‍ത്തു തയാറാക്കിയ വര്‍ണങ്ങളാണ് ഗുഹാചിത്രങ്ങള്‍ വരയ്‌ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. നീലഗിരി ജില്ലയിലെ കാരിക്കിയൂര്‍ ഗ്രാമത്തിലാണ് ഏറ്റവും പഴക്കമുള്ള ജല്ലിക്കെട്ടു ചിത്രങ്ങള്‍ കണ്ടെത്തിയത്.
പ്രാചീന ചിത്രകലകളെക്കുറിച്ചു പഠനം നടത്തിയിട്ടുള്ള ചരിത്രകാരന്‍മാരായ കെ.ടി. ഗന്ധിരാജന്റെയും ഡോ. ജി. ചന്ദ്രശേഖരന്റെയും അഭിപ്രായത്തില്‍ ലഭ്യമായിട്ടുള്ള ജല്ലിക്കെട്ടു ചിത്രങ്ങളില്‍ ഭൂരിഭാഗവും വരയ്‌ക്കപ്പെട്ടിട്ടുള്ളത് ബിസി. 2000നും 1500നും ഇടയിലാണ്.
ഒരു വിഭാഗം ചരിത്രകാരന്മാര്‍ ജല്ലിക്കെട്ടിനെ ഹിന്ദു മതത്തിലെ ചില ആചാരങ്ങളുമായും പ്രാദേശിക പാരമ്പര്യവുമായും ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം ചരിത്രകാരന്മാരും ഈ നിഗമനങ്ങളെ നിരാകരിക്കുകയാണ് ചെയ്‌തിട്ടുള്ളത്.
ജെല്ലിക്കെട്ടു മത്സരങ്ങള്‍ക്കായി കങ്കായം കളകളെയാണ് സാധാരണ ഉപയോഗിക്കാറുളളത്. പ്രത്യുല്‍പാദനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകയിനം വിത്തുകാളകളാണ് ഈ കാളകള്‍. വളരെ ഇറുകിയ കഴുത്തും കരുത്തുറ്റ കുറിയ കാലുകളുമാണ് കങ്കായം കാളകളുടെ പ്രത്യേകത. ഈ ഇനത്തില്‍പ്പെട്ട കാളകളെ ഉത്‌പാദിപ്പിക്കുന്ന പ്രമുഖ കേന്ദ്രമാണ് തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സേനാപതി കങ്കായം കാറ്റില്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍.
ചലച്ചിത്രകാരന്മാരെയും എഴുത്തുകാരെയും എക്കാലവും പ്രചോദിപ്പിച്ചിട്ടുള്ള വിഷയമാണു ജല്ലിക്കെട്ട്. 1980-ല്‍ എസ്.പി. മുത്തുരാമന്റെ സംവിധാനത്തില്‍ സൂപ്പര്‍താരം രജനീകാന്ത് കാളപ്പോരു വിദഗ്‌ധനായി വേഷമിട്ട `മുരട്ടുകാള' യാണ് ജല്ലിക്കെട്ട് ചിത്രീകരിച്ച ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. 2004-ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ ചിത്രമായ `വിരുമാണ്ടി' കാളപ്പോരിനിറങ്ങുന്നവരുടെ യഥാര്‍ഥ ജീവിതത്തിന്റെ പകര്‍പ്പു പ്രേക്ഷകരിലെത്തിച്ചു.
പങ്കെടുക്കുന്നവരെയും കണ്ടുനില്‌ക്കുന്നവരെയും കണക്കില്ലാതെ ആവേശം കൊള്ളിക്കാന്‍ ഈ കായിക വിനോദത്തിനു കഴിയുന്നു. മാത്രമല്ല, പലപ്പോഴും കാണികളില്‍ ചിലരും മത് സരാര്‍ഥികളായി മാറുന്നു. അപകടസാധ്യത മറക്കത്തക്കവിധമുള്ള ഒരു അത്യാവേശമാണ്-ലഹരിയാണ്- ജല്ലിക്കെട്ടിനോടനുബന്ധിച്ചു പടരുന്നത്. ചിലപ്പോള്‍ കാണികളുടെ ഇടയിലേക്കും തള്ളിക്കയറി കാള ആക്രമണം നടത്താറുണ്ട്. കാളപ്പോരിനിടെ കാളയുടെ ചവിട്ടും കുത്തുമേറ്റ് നിരവധിപേരാണ് കൊല്ലപ്പെടുന്നത്. പരിക്കേല്‌ക്കുന്നവരുടെ എണ്ണം വളരെ കൂടുതല്‍. പലപ്പോഴും കൃത്യസമയത്ത് ആവശ്യമായ വൈദ്യസഹായം ലഭിക്കാത്തതുമൂലമാണ് ജല്ലിക്കെട്ടില്‍ മരണം സംഭവിക്കുന്നത്.
ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന കാളകളെ മനഃപൂര്‍വം കൊല്ലാറില്ലെങ്കിലും അവയ്‌ക്കു പരിക്കേല്‌ക്കാറുണ്ട്. ചില അവസരങ്ങളില്‍ അവ കൊല്ലപ്പെട്ട ചരിത്രവും നമ്മുടെ മുന്നിലുണ്ട്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി സാമൂഹികപ്രവര്‍ത്തകരും മൃഗസ്‌നേഹികളും ജല്ലിക്കെട്ടിനെതിരെ രംഗത്തു വരികയും ജല്ലിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്‌തു. അവര്‍ ഉന്നയിച്ച ന്യായങ്ങള്‍ അംഗീകരിച്ച് 2007 ജനുവരിയില്‍ ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ഈ വിധിയിലൂടെ, തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ജല്ലിക്കെട്ടിന് മുഖ്യധാരാ മാധ്യമങ്ങളിലും സ്ഥാനം ലഭിച്ചു.
സുപ്രീം കോടതിയുടെ വിധിക്കെതിരേ മധുരയില്‍ ഗ്രാമവാസികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. ഡിഎംകെയും എഡിഎംകെയും ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളും ജല്ലിക്കെട്ടിനെ അനുകൂലിച്ച് രംഗത്തു വരികയുണ്ടായി. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി വിധി പുനഃപരിശോധിക്കുകയും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെ ജല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുകയും ചെയ്‌തു. എന്നാല്‍ ഇക്കഴിഞ്ഞ മാസം നടന്ന ജല്ലിക്കെട്ടില്‍ ആറുപേര്‍ കൊല്ലപ്പെട്ടതോടെ ജല്ലിക്കെട്ട് വീണ്ടും വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ്. ഇത്രയേറെപ്പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിട്ടും ജല്ലിക്കെട്ടിനോടുള്ള ജനങ്ങളുടെ ആവേശത്തില്‍ യാതൊരു കുറവും വന്നിട്ടില്ലെന്ന് 1995 മുതല്‍ 1998 വരെ തുടര്‍ച്ചയായി ജല്ലിക്കെട്ടില്‍ പങ്കെടുത്തിട്ടുള്ള അളഗനല്ലൂര്‍ സ്വദേശി പനീര്‍ ശെല്‍വരാഘവന്റെ വാക്കുകള്‍ തെളിയിക്കുന്നു. അതിങ്ങനെയാണ്: `` മഞ്ഞുവിരാട്ട്- അതു ഞങ്ങള്‍ക്ക് ഒരു ലഹരിയാണ്. അതു പറഞ്ഞാല്‍ പുറം ലോകത്തുള്ളവര്‍ക്ക് മനസിലാവില്ല. ഞങ്ങളുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് കുതിച്ചു പായുന്ന കാളയുടെ തല മണ്ണില്‍ കുത്തിക്കുക എന്നത്.''
കാളപ്പോരിന് ഏറ്റവും പ്രശസ്‌തിയാര്‍ജിച്ച രാജ്യമാണ് സ്‌പെയിന്‍. ജല്ലിക്കെട്ടിനോടു സ്‌പെയിനിലെ കാളപ്പോരിനു സമാനതകളുണ്ടെങ്കിലും അവിടെ മല്‍സരം പ്രത്യേകം തയാര്‍ ചെയ്‌ത മൈതാനത്താണ് നടക്കുന്നത്. മാത്രവുമല്ല പ്രത്യേക വേഷവിധാനങ്ങളണിഞ്ഞാണ് പോരാളികള്‍ മത്സരത്തിനിറങ്ങുക. കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്ന സംഭവം ഇവിടെ ഉണ്ടാകാറില്ല. മല്‍സരശേഷം കാളയെ കൊല്ലുന്ന പതിവും അവിടെയുണ്ട്. ചില സമയങ്ങളില്‍ പോരാളികള്‍ വെറും കൈക്ക് പകരം ആയുധങ്ങളും ഉപയോഗിക്കാറുണ്ട്. സ്‌പെയിനിനു പുറമെ പോര്‍ച്ചുഗല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും കാളപ്പോരു മത്സരങ്ങള്‍ അരങ്ങേറാറുണ്ട്.
പരിഷ്‌കൃതമെന്നു കരുതപ്പെടുന്ന ഈ യുഗത്തിലും ജല്ലിക്കെട്ട്, കാളപ്പോര്, കോഴിപ്പോര് തുടങ്ങിയ കായികവിനോദങ്ങള്‍ ഇല്ലാതാകാത്തത് എന്തുകൊണ്ടാണെന്നു ചിന്തിക്കേണ്ടതുണ്ട്. ഇവയെ നിയമങ്ങള്‍കൊണ്ട് നിര്‍ത്തലാക്കാനോ ഇവയ്‌ക്കെതിരേ നിയമങ്ങള്‍ കൊണ്ടുവരാനോ പോലും കഴിയാതെ വരുന്നത് ആധുനിക മനുഷ്യന്റെ മനസിലെ വന്യതയിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്?
4 comments:
ജല്ലിക്കെട്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ ഭാഗമാണു ദ്രാവിഡ ഗോത്രതിന്റെ സാഹസികതയുടെയും എല്ലുമുറിയെ മണ്ണിൽ പണിയെടുക്കുന്നവന്റെ ആവേശത്തിന്റെയും നേർക്കാഴ്ചകൾ അതു നിയമമ്മൂലം നിരോധിക്കുംബോൾ തമിഴനു നോവും മലയാളിക്കു ഓണം നിരോധിച്ചാൽ നോവും പോലെ. പക്ഷെ കൂടുതൽ മുൻ കരുതലുകളും വൈദ്യ സഹായവും ഉറപ്പാക്കേണ്ടതു അത്യാവശ്യം.
ഇതൊരു ക്രൂരമായ പ്രാകൃതമായ ഒന്നായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളതു്.വിനോദം എന്നതിനെ പറയാമോ?
ഇതു ക്രൂരതയില്‍ നിന്നും പൊട്ടിവീണ വിനോദം തന്നെ... നിരോധിക്കപ്പെടെണ്ടത്... എഴുത്ത് ഇഷ്ടമായ്...
പിന്നെ ..
മാംഗ്
ഓണവുമായ് ഇതു താരതമ്യപെടുതുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല.....
Paarambaryamaayi pinthutarnnu varunnathine pettennu ozhivaakkan prayasamaayirikkum. Ennal ventathra munkaruthalukal edukkamallo.
Post a Comment