Tuesday, December 16, 2008

ഉയിര്‍പ്പ്‌


sandeep salim


മറക്കില്ല്‌
കണ്ണുനീരില്‍ പങ്കുകാരാക്കി
സ്‌നേഹിച്ചിട്ടും
നന്ദികേടിന്റെ കയ്‌പുനീരില്‍
മുക്കിയവരെ


ജീവിതം നീണ്ട വിലാപമായപ്പോള്‍
സാന്ത്വനം തേടിയ നിമിഷത്തിലും
തലമുടിക്കുത്തിന്‌ പിടിച്ച്‌
ചുഴറ്റിയവരെ


ഉളളില്‍ അണയാതെ ശേഷിച്ച
ചിന്തയുടെ തിരിനാളം
പരിഹാസത്തിന്റെ കൊടുങ്കാറ്റുയര്‍ത്തി
അണയ്‌ക്കാന്‍ ശ്രമിച്ചവരെ


കനലുപോലെ നീറിപ്പുകയുന്ന
മനസുമായി
അഭയം തേടിയപ്പോള്‍
പുറത്താക്കി വാതിലടച്ചവരെ


ജ്വലിക്കുന്ന ചിന്തയും
പരിമിതമോഹവും
കണ്ണീര്‍ക്കിനാവുമായി
ഗതികിട്ടാതലയുമ്പോഴും
എന്റെ ചോരയ്‌ക്ക്‌ കൊതിച്ചിരിക്കുന്നവരെ


ഇരുള്‍
ഇരുമ്പുമറ കെട്ടിയാലും
ഒളിയമ്പുമായി ശത്രുക്കള്‍
കാത്തിരുന്നാലും
പേമാരിയും
മരുഭൂമിയും
മഹാശൈലവും
വഴിമുടക്കിയാലും
നിന്ദയും പരിഹാസവും
ചുട്ടുപൊളളിച്ചാലും
നെറികേടിന്റെ ചതുപ്പില്‍
കുഴിച്ചു മൂടിയാലും


ഒരു കൊടുങ്കാറ്റിലും
അണയാത്ത കവിതയുടെ
കെടാവിളക്കായി


ഇരുണ്ട മദ്ധ്യാഹ്നത്തിലൂടെ
പ്രകാശം തേടിപ്പോകുന്ന
അസ്വസ്ഥമായ മനസിലെ
തീപ്പന്തമായ്‌


വാക്കുകള്‍ക്കിടയില്‍
മൗനത്തിന്റെ ഇടങ്ങള്
‍തീര്‍ക്കുന്ന മാനവികതയുടെ
പ്രതിരൂപമായ്‌


ഒടുവില്‍ കാലത്തിനും
മായ്‌ക്കാനാവാത്ത
ശരിയുടെ കൈയ്യൊപ്പായും
ഞാനുയിര്‍ത്തിടും


അണയില്ല
തളരില്ല
തകരില്ല
ഇവിടുത്തെ
നല്ല മണ്ണില്‍
നിന്നുയിര്‍ത്തിടും
മര്‍ത്യത

No comments:

FACEBOOK COMMENT BOX