Tuesday, December 16, 2008

ഹൃദയങ്ങളോടു പാടുന്നു............. ബാവുല്‍ ഗായകര്


sandeep salim
പ്രേമിക്കുമ്പോള്‍ മനസു തുറന്നു പ്രേമിക്കുക; രക്തവും മാംസവും നല്‍കി പ്രേമിക്കുക ആ സ്‌നേഹം വിലങ്ങുകള്‍ തീര്‍ക്കും മുമ്പു വഴിപിരിയുക‘‘എന്നര്‍ഥമുളള വരികള്‍ തൊരുണ്‍ ദാസ്‌ ബാവുല്‍ പാടിയപ്പോള്‍ അവാച്യമായൊരു പ്രണയാനുഭവത്തിന്റെ ലഹരിയില്‍ ഒഴുകുകയായിരുന്നു ശ്രോതാക്കള്‍. ഗാനത്തിന്റെ ഭാവവുമായും ഗായകന്റെ ചലനങ്ങളുടെ താളവുമായും സദസ്‌ അദ്‌ഭുതകരമാം വിധം അനുരൂപപ്പെട്ടിരുന്നു. ഗാനത്തിന്റെ ഭാഷ അതിനൊരു തടസമായില്ല. രാഗത്തിലൂടെയും താളത്തിലൂടെയും ഭാവത്തിലൂടെയും ബംഗാളിഗാനത്തെ മലയാളികള്‍ മനസിലാക്കുകയായിരുന്നുവെന്നു തോന്നുന്നു. ബാവുല്‍ സംഗീതത്തെ മലയാളികളുടേതായ സദസ്‌ ഹൃദയം നിറഞ്ഞ്‌ ആസ്വദിക്കുകയായിരുന്നു.

ഗീതഗോവിന്ദം എഴുതിയ ജയദേവ കവിയുടെ ബംഗാളി ഗ്രാമമായ കെന്ദുളിയില്‍ ഉത്ഭവിച്ച ബാവുല്‍ സംഗീതം ആസ്വദിക്കാന്‍ മലയാളിക്ക്‌ അവസരം ലഭിക്കാറില്ല. റിക്കാര്‍ഡു ചെയ്‌ത ബാവുല്‍ ഗാനങ്ങള്‍ ലഭ്യമായി രുന്നെങ്കില്‍ മലയാളികള്‍ പണ്ടേ അവ വാങ്ങിക്കൂട്ടുമായിരുന്നെന്നു തീര്‍ച്ച. പക്ഷേ റിക്കാര്‍ഡു ചെയ്‌തു കിട്ടുന്നതല്ലല്ലോ ബാവുല്‍ സംഗീതം. ഹൃദയത്തില്‍ നിന്നു ഹൃദയത്തിലേക്ക്‌ ഒഴുകേണ്ടതാണു തങ്ങളുടെ സംഗീമെന്നു ബാവുല്‍ ഗായകര്‍ വിശ്വസിക്കുന്നു. അതിനാല്‍ അവര്‍ ആളുകളുടെ മുന്നിലേ പാടൂകയുളളൂ; യന്ത്രങ്ങളുടെ മുന്നില്‍ ഇല്ല. തലമുറകളായി ബംഗാളിലെ ഗ്രാമങ്ങളിലൂടെ പാട്ടു പാടി അലഞ്ഞ അവര്‍ പുതിയ കാലത്തിന്റെ സാങ്കേതിക സംവിധാനങ്ങള്‍ക്കു വേണ്ടി തങ്ങളുടെ കലയെ ചിട്ടപ്പെടുത്താന്‍ തയാറല്ല.


``ഇരുതന്ത്രികളാലും വീണക്കുഞ്ഞിനെ മാറോടമര്‍ത്തി ജനിമൃതികള്‍ക്കിടയിലെ നീണ്ട വഴിത്താരയില്‍ നില്‍ക്കുന്ന“ ബാവുല്‍ ഗായകനെ ഒ.എന്‍.വി. കുറുപ്പ്‌ ‘`ബാവുല്‍ഗായകന്‍'‘ എന്ന കവിതയിലൂടെ നമുക്കു കാട്ടിത്തന്നിട്ടുണ്ട്‌. ജീവിതമെന്ന നദിയുടെ വക്കില്‍ നിസംഗതയോടെ നില്‍ക്കുന്ന ഗായകനായാണ്‌ കവി ബാവുലിനെ ചിത്രീകരിക്കുന്നത്‌. കാലത്തിന്റെ പ്രവാഹത്തെ ഗൗനിക്കാതെയാണ്‌ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടു വാഗ്‌ദാനം ചെയ്യുന്ന സൗകര്യങ്ങള്‍ക്കു മുന്‍പില്‍ അയാള്‍ നില്‍ക്കുന്നതെന്നു കൂട്ടിച്ചേര്‍ത്താല്‍ തെറ്റാവില്ല.


പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്‌ ബാവുലുകള്‍ രൂപപ്പെട്ടതെന്നാണ്‌ ചരിത്രം പറയുന്നത്‌. ‘ഭ്രാന്ത്‌‘ എന്നര്‍ത്ഥമുളള സംസ്‌കൃത പദമായ ‘`വാതുല'‘യില്‍ നിന്നാണ്‌ ‘ബാവുല്‍‘ എന്ന പദം രൂപം കൊണ്ടതെന്നു പ്രമുഖ ചരിത്രകാരന്‍ ശശിഭൂഷന്‍ ദാസ്‌ ഗുപ്‌ത പറയുന്നു. എന്നാല്‍ ചരിത്രകാരന്‍മാരുടെ പുതുതലമുറ ‘`അസ്വസ്ഥത'‘ എന്നര്‍ഥമുളള ‘`വ്യാകുല്‍'‘ എന്ന സംസ്‌കൃത പദമാണ്‌ ‘ബാവുലിന്റെ‘ മൂലപദമായി കാട്ടിത്തരുന്നത്‌. അതെന്തായാലും ഭാവതീവ്രമായി പാടുകയും മന്ദമായ താളത്തിലും തീവ്രതാളത്തിലും ആടുകയും ചെയ്യുന്ന ബാവുലുകള്‍ മനുഷ്യമനസിലെ അസ്വസ്ഥതകളും ആശങ്കകളും പ്രണയാഭിലാക്ഷങ്ങളും സംഗീതമായി മാറ്റുന്നു.ബംഗാളി ഗ്രാമങ്ങളിലെ കുടിലുകളില്‍ കഴിയുന്ന ബാവുലുകള്‍ പാടിയും ആടിയുമാണ്‌ തങ്ങളുടെ ഉപജീവനം കഴിക്കുന്നത്‌. പാടിക്കൊണ്ടുളള യാത്രയാണ്‌ അവരുടെ ജീവിതമെന്നു പറയാം. വംഗഗ്രാമങ്ങളിലെ നാടന്‍ പദങ്ങള്‍ നിറഞ്ഞ ബാവുല്‍ ഗാനങ്ങളെ നാടോടിഗാനങ്ങളായാണ്‌ എണ്ണാറുളളത്‌.


എന്നാല്‍, ബാവുല്‍ ഗാനങ്ങളെ വെറും നാടന്‍ പാട്ടുകളുടെ ഗണത്തില്‍ പെടുത്താനാവില്ല. പഹാഡി, ഭൈരവി, തോഡി, കീരവാണി, അഭംഗ്‌, ചാരുകേശി, മിശ്രശിവരഞ്‌ജിനി തുടങ്ങിയ ഹിന്ദുസ്ഥാനി രാഗങ്ങളുടെ ഉചിതജ്ഞതയോടെയുളള ഉപയോഗം ബാവുല്‍ ഗാനങ്ങളെ മറ്റു നാടന്‍പാട്ടുകളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു. ബംഗാളിലെ മറ്റു നാടന്‍ പാട്ടുകള്‍ ലൗകിക വിഷയങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുമ്പോള്‍ ബാവുല്‍ ഗാനങ്ങളില്‍ ആത്മീയ ഭാവം ഏറിനില്‍ക്കുന്നുവെന്നത്‌ അതിന്റെ പ്രത്യേകതയാണ്‌. ജയദേവന്റെ ഗ്രാമത്തില്‍ നിന്നുളള ഈ ഗായകരുടെ ഗാനങ്ങളില്‍ രാധാകൃഷ്‌ണ പ്രേമം തിളങ്ങുന്നുവെങ്കിലും ആ പ്രേമത്തിന്‌ ആത്മീയ ഭാവമാണുളളത്‌.


ബാവുലുകള്‍ ഒരു ഗായകസംഘം മാത്രമല്ല, ബാവുല്‍ എന്നത്‌ ഒരു മതം തന്നെയാണ്‌. ഹൈന്ദവ ഭക്തിപ്രസ്ഥാനം, സൂഫി മുസ്‌ലിംകളുടെ ആശയങ്ങള്‍, ബുദ്ധമതം എന്നിവയുടെ സങ്കലനമാണു ബാവുല്‍ മതം. നമുക്ക്‌ കൈമോശം വന്നു കൊണ്ടിരിക്കുന്ന പുരാതനസംസ്‌കാരത്തിന്റെയും മൂല്യങ്ങളുടേയും കാവല്‍ക്കാര്‍ കൂടിയാണ്‌ ബാവുലുകള്‍. മുഖ്യധാരാ മതങ്ങളും ഭാഷകളും പ്രത്യയശാസ്‌ത്രങ്ങളും മുന്നോട്ടുവയ്‌ക്കുന്ന വ്യവസ്ഥാപിതമായ എല്ലാ ബിംബങ്ങളേയും ബാവുലുകള്‍ നിരാകരിക്കുന്നു.ഇന്ത്യന്‍ ഭരണഘടനയുടെ മതേതര നിലപാടിനെ ജനഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ ബാവുല്‍ ഗാനങ്ങള്‍ വലിയപങ്കാണു വഹിക്കുന്നത്‌. ബുദ്ധമത ദര്‍ശനങ്ങളുടെയും വൈഷ്‌ണവ സൂഫിദര്‍ശനങ്ങളുടെയും സ്വാധീനം ബാവുല്‍ഗാനങ്ങളെ മറ്റു ഗാനശാഖകളില്‍ നിന്നു വ്യത്യസ്‌തവും ഗൗരവസ്വഭാവമുളളവയുമാക്കുന്നു.മധ്യകാല ഇന്ത്യയിലെ ഭക്തികാവ്യ പ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായയും ബാവുല്‍ ഗാനങ്ങളെ വിശേഷിപ്പിക്കാം.


എന്നാല്‍, മുന്‍പു സൂചിപ്പിച്ചതു പോലെ ബാവുലുകളുടെ ഭക്തിക്ക്‌ മതാനുഷ്‌ഠാന പരമായ ഭക്തിയുടെ സ്വഭാവമില്ല. ലളിത സുന്ദരമായ പദങ്ങള്‍ കൊണ്ട്‌ ചിട്ടപ്പെടുത്തിയ ബാവുല്‍ ഗാനങ്ങള്‍ അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹം പൂക്കളായ്‌ വിരിയുന്ന വസന്തത്തെ കുറിച്ചാണ്‌ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്‌.


നാടന്‍ സംഗീതോപകരണങ്ങളായ ഏകതാര(ഒറ്റക്കമ്പി വീണ), ദുതാര(ഇരട്ടക്കമ്പി വീണ), ഡുഗ്ഗി, ഗോബ, കോള്‍, ഡുപ്‌കി(ചെണ്ട), ഓടക്കുഴല്‍, കൈമണി, കാല്‍ചിലങ്ക തുടങ്ങിയവയുടെ അകമ്പടിയോടെയാണ്‌ ബാവുല്‍ ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്‌. ബാവുല്‍ ഗായകരെ പ്രത്യേകമായ വസ്‌ത്രധാരണ രീതി കൊണ്ട്‌ തിരിച്ചറിയാം. നീണ്ട കുപ്പായവും മുണ്ടുമാണ്‌ ഇവരുടെ സാധാരണ വേഷം. കാവി നിറമുളള അരക്കച്ചയും ബാവുലുകള്‍ ഉപയോഗിക്കാറുണ്ട്‌. നീട്ടിവളര്‍ത്തിയ തലമുടിയാണ്‌ ഇവരുടെ മറ്റൊരുപ്രത്യേകത. സിക്കുകാരുടേതിന്‌ സമാനമായ തലപ്പാവും ചിലര്‍ ഉപയോഗിക്കാറുണ്ട്‌.


ബംഗാളി ഭാഷയിലെ പ്രാദേശിക ശൈലികളും പദങ്ങളും ചേര്‍ത്ത സ്വന്തം രചനകള്‍ മാത്രമല്ല രവീന്ദ്ര നാഥ്‌ ടഗോര്‍, ക്വാസി നസ്രുള്‍ ഇസ്‌ലാം തുടങ്ങിയ ദേശീയ കവികളുടെ കവിതകളും ബാവുലുകള്‍ സംഗീതം നല്‍കി അവതരിപ്പിക്കാറുണ്ട്‌. രവീന്ദ്ര സംഗീതം എന്ന ഗാനശാഖയുടെ ഉത്‌പത്തിയും ബാവുല്‍ സംഗീതത്തിലാണ്‌.ബാവുല്‍ സംഗീതം ഉപജീവനമാര്‍ഗമായി സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും തങ്ങളുടെ കലയെ വാണിജ്യവത്‌കരിക്കാന്‍ ബാവുലുകള്‍ തയാറല്ല. ഇന്നു വിവിധ സംഗീതരൂപങ്ങള്‍ വിപണിയില്‍ വലിയ ആദായം കൊയ്യുമ്പോള്‍ കച്ചവടത്തിന്റെ പ്രലോഭനങ്ങളില്‍പ്പെടാതെ പിടിച്ചു നില്‍ക്കുന്ന ബാവുല്‍ ഗായകരെ പ്രശംസിച്ചേ തീരൂ. “``ഒരു യഥാര്‍ഥ കലാകാരനെ സംബന്ധിച്ചിടത്തോളം കല അവന്റെ ഹൃദയത്തിന്റെ ഭാഗമാണ്‌. അവനൊരിക്കലും അത്‌ മുറിച്ചു ‘`വില്‌പനയ്‌ക്ക്‌'‘ എന്ന ബോര്‍ഡിനു കീഴില്‍ വയ്‌ക്കാനാവില്ല''“ എന്ന പ്രഫ. എം.എന്‍ വിജയന്റെ വാക്കുകള്‍ ബാവുലുകളെ സംബന്ധിച്ചിടത്തോളം അന്വര്‍ഥമാണ്‌. തങ്ങളുടെ ഗാനങ്ങള്‍ ഉത്‌പന്നമാക്കാന്‍ ശ്രമിക്കുന്നവരോടു തൊരുണ്‍ ദാസ്‌ പറയുന്ന മറുപടി ഇതാണ്‌: “``ഞങ്ങളുടെ പാട്ടുകള്‍ ഹൃദയങ്ങളില്‍ നിന്നു ഹൃദയങ്ങളിലേക്കു പകര്‍ന്നു നല്‍കേണ്ടതാണ്‌. അല്ലാതെ റിക്കോര്‍ഡു ചെയ്‌തു തോന്നുമ്പോള്‍ കേള്‍ക്കാനുളളതല്ല. എങ്കിലും ചില വിട്ടു വീഴ്‌ചകള്‍ ചെയ്യാറുണ്ട്‌. അതു ജീവിക്കാന്‍ വേണ്ടി മാത്രമാണ്‌''“


ബംഗാളില്‍ നിന്നു കേരളത്തിലെത്തിയ ബാവുല്‍ ഗായക സംഘം കേരളത്തിലെ ക്യാമ്പസുകളിലും സാംസ്‌കാരിക വേദികളിലും പരിപാടി നടത്തിവരികയാണ്‌. തുടക്കം കഴിഞ്ഞയാഴ്‌ച എം. ജി സര്‍വകലാശാലയിലായിരുന്നു. ടാഗോര്‍ സ്ഥാപിച്ച ശാന്തി നികേതന്‍ ആശ്രമത്തിനു സമീപം ജനിച്ച തൊരുണ്‍ ദാസ്‌ ബാവുല്‍ ആണു സംഘത്തലവന്‍. ഇതു രണ്ടാം തവണയാണ്‌ തൊരുണ്‍ ദാസ്‌ കേരളത്തില്‍ വരുന്നത്‌. ആദ്യം വന്നതു 2001ല്‍ . ഇരുപത്തെട്ടു കാരനായ ആനന്ദ്‌ ദാസ്‌ ബാവുലും തുകല്‍ വാദ്യത്തില്‍ വിദഗ്‌ധനായ രാമചന്ദ്ര ദാസ്‌ ബാവുലും കേരളത്തിലെത്തുന്നത്‌ ആദ്യം. ബാവുല്‍ സംഗീതത്തിലെ എല്ലാ വാദ്യോപകരണങ്ങളിലും പ്രാവീണ്യം നേടിയിട്ടുളള കാശിനാഥ്‌ ദാസ്‌ ബാവുലിവും കേരളം ആദ്യത്തെ അനുഭവമാണ്‌. കേരളത്തില്‍ ഈ ഗായകസംഘത്തോടപ്പം ഒരു മലയാളിയുമുണ്ട്‌. ഓടക്കുഴല്‍ വാദകനും കവിയുമായ ബിനു എം പളളിപ്പാട്‌.


എം.ജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സ്‌ നടത്തിയ ബാവുല്‍ ഗനസന്ധ്യയില്‍ ഈ ഗായകര്‍ മലയാളി യുവഹൃദയങ്ങളെ പിടിച്ചെടുക്കുന്ന കാഴ്‌ചയാണ്‌ കണാന്‍ കഴിഞ്ഞത്‌. അപരിചിതമായ ഒരു സംഗീതത്തെ പോലും വളരെ വേഗത്തില്‍ ഉള്‍ക്കൊളളാന്‍ കഴിവുളളവരാണ്‌ നമ്മടെ യുവാക്കളെന്ന്‌ തെളിയിക്കുന്നതായിരുന്നു നിറഞ്ഞ സദസിന്റെ പ്രതികരണം.


കൂടിക്കാഴ്‌ച കഴിഞ്ഞ്‌ പുറത്തിറങ്ങിക്കഴിഞ്ഞും മനസില്‍ തൊരുണ്‍ ദാസ്‌ ബാവുല്‍ പാടുന്നുണ്ടായിരുന്നു.


``തീ തിരസ്‌കരിച്ചാല്‍ പ്രിയ സുഹൃത്തേ ഞാന്‍ നിസഹായനാണ്‌ എന്റെ പാട്ടുകള്‍ എന്റെ പ്രാര്‍ഥനകളാണ്‌ചില പൂക്കള്‍ വര്‍ണങ്ങള്‍ കൊണ്ടു പ്രാര്‍ഥിക്കുന്നു;മറ്റുളളവ സുഗന്ധത്തിലൂടെയും.വീണ വിറയ്‌ക്കുന്ന തന്ത്രികള്‍ കൊണ്ടു പ്രാര്‍ഥിക്കുന്നുഞാനെന്റെ പാട്ടുകളാലും''


കേള്‍ക്കാനും ആസ്വദിക്കാനും താല്‍പര്യമുളള എല്ലാവര്‍ക്കും വേണ്ടി ബാവുലുകള്‍ പാടിക്കൊണ്ടിരിക്കുന്നു- പകരം വയ്‌ക്കാനില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും അലൗകിക പ്രണയത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട്‌. ഹൃദയസാഗരങ്ങളെ പാടിയുണര്‍ത്തിയ സാമഗീതങ്ങളേ, തുടരൂ..... ബാവുലിന്റെ ഏകതാരയില്‍ വീണ്ടും വീണ്ടും അവതരിക്കൂ......

2 comments:

മേഘമല്‍ഹാര്‍(സുധീര്‍) said...

ബാവുല്‍ ഗായകരെക്കുറിച്ച്‌ പത്രങ്ങളിലും മറ്റും വായിച്ച അറിവേയുണ്ടായിരുന്നുള്ളൂ.കുറേ കാര്യങ്ങള്‍ മനസ്സിലാക്കന്‍ പറ്റി. നന്ദി.ഫോടൊകള്‍ കാണുമ്പോള്‍ തന്നെ കേള്‍ക്കണമെന്നു തോന്നിപ്പിക്കാറുണ്ട്‌. ഇതു വായിച്ചപ്പോളാണ്‌ സീ.ഡി. കിട്ടാനില്ലാത്തതിന്റെ രഹസ്യം മനസ്സിലായത്‌.കേള്‍ക്കാത്ത ഗാനം തന്നെ മധുരതരം

കൈലാസി: മണി,വാതുക്കോടം said...

ബാവുലുകളെ കുറിച്ച് കേട്ടിട്ടെ ഉള്ളു, സംഗീതം കേട്ടിട്ടുമില്ല. നെറ്റിൽ ഒക്കെ തിരങ്ങിട്ടും കിട്ടിയതുമിൽല്ല. അവരെകുറിച്ച് പല വിവരങ്ങളും ഇവിടെനിന്നും അറിയാൻ കഴിഞ്ഞു, നന്ദി.

FACEBOOK COMMENT BOX