Sandeep Salim
ജെയ്ബന് വീണ്ടും കാമ്പസിലെത്തുന്നു. പഴയെ കാമ്പസ് തന്നെ. മാറ്റങ്ങള്‍ ഒന്നും കാണാനില്ല. പണ്ട് വളരെ പരിചയത്തോടെ വന്ന് സംസാരിച്ചിരുന്ന കൂട്ടുകാരും അധ്യാപകരും ഇന്ന് ജെയ്ബനെ ഒരല്പം ആരാധനയോടെ നോക്കുന്നു. ഒറ്റയ്ക്കും കൂട്ടായും അഭിനന്ദിക്കാനും നിരവധി ആളുകള്‍. എല്ലാവരോടും മറുപടി പറഞ്ഞും പരിചയക്കാര്‍ക്ക് പുഞ്ചിരി സമ്മാനിച്ചും ജെയ്ബന് മുന്നോട്ടു നടന്നു. മാതാവിന്റെ ഗ്രോട്ടോയുടെ മുന്നില്‍ പ്രാര്‍ഥനാനിരതനായി ഒരു നിമിഷം. പിന്നെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക്.
സംസ്ഥാന മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മിടുക്കന്, എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? `നന്നായി പഠിക്കുന്ന ഒരു കുട്ടി' വിശേഷണം അതിനപ്പുറം പോവില്ല. ഓള് ഇന്ത്യാ മെഡിക്കല്‍ എന്ട്രന്സില് മൂന്നാം റാങ്ക്, `സമര്‍ഥന്‍' വിശേഷണം തീര്‍ന്നു. ഓള് ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്‍ട്രന്‍സ് പരീക്ഷയിലും ഉന്നത വിജയം, ഇതും കൂടിചേര്‍ത്തു വായിക്കേണ്ടി വരുമ്പോള്‍ വിശേഷണം `അപൂര്‍വ വ്യക്തിത്വ'മാകുന്നു. കൂടാതെ പഠിച്ച എല്ലാ വിഷയങ്ങളിലും എണ്‍പതിലേറെ ശതമാനം മാര്‍ക്കും. അതെ ജെയ്ബന് ജോര്‍ജ് അപൂര്‍വ വ്യക്തിത്വം തന്നെയാണ്.
ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാറിലെ പ്ലസ്ടു വിദ്യാര്‍ഥി, നേട്ടങ്ങളുടെ വെളളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും പ്ലാസിഡിനെ കുറിച്ചുളള ഓര്‍മകളില്‍ നിഴല്‍ വീഴുന്നില്ല. ഡല്‍ഹിയിലെ ഐഐഎംഎസില്‍ പ്രവേശനം നേടുന്നതിനു മുമ്പ് തന്റെ പ്രിയപ്പെട്ട അധ്യാപകരോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ എത്തിയതായിരുന്നു ജെയ്ബന്.
അഞ്ചാം ക്ലാസുമുതല്‍ ജെയ്ബന് പ്ലാസിഡിലെ വിദ്യാര്‍ഥിയാണ്. പ്ലാസിഡിനെ കുറിച്ചുളള അഭിപ്രായം ചോദിച്ചപ്പോള്‍ ഉത്തരം ഒറ്റവാക്കിലൊതുങ്ങി. നല്ല സ്കൂള്‍. ഹൈസ്കൂളില്‍ കയറിയപ്പോള്‍ മുതല്‍ മനസില്‍ കയറിക്കൂടിയ മോഹമാണ് ഡോക്ടറാവുക എന്നത്. ആഗ്രഹസാക്ഷാത്കാരത്തിന്റെ പടിവാതുക്കല്‍ എത്തിനില്ക്കുമ്പോള് ജെയ്ബന്റെ മനസില്‍ ആഗ്രഹലബ്ദിയുടെ സന്തോഷം.
അധ്യാപകര്‍
ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അധ്യാപകരെക്കുറിച്ചുളള ചോദ്യത്തിനും എന്‍ട്രന്‍സ് പരീക്ഷയിലെ ചോദ്യത്തിനുളള ഉത്തരം പോലെ ഒറ്റവാക്ക്. എല്ലാ അധ്യാപകരും. ഒരാളുടെ പേര് ഓര്‍ത്ത് പറയാന്‍ കഴിയുന്നില്ല. എല്ലാ അധ്യാപകരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തന്റെ വളര്‍ച്ചയില്‍ പങ്കുകാരായെന്ന് വ്യാഖ്യാനവും.
പ്രിയപ്പെട്ട ശിഷ്യന്
ജെയ്ബന്റെ നേട്ടത്തില്‍ അധ്യാപകര്‍ക്ക് യാതൊരു അദ്ഭുതവുമില്ല. ജെയ്ബന് ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലേ അവര്‍ അദ്ഭുതപ്പെടുമായിരുന്നുള്ളൂ. കാരണം ജെയ്ബനെക്കുറിച്ചുളള അധ്യാപകരുടെ പ്രതീക്ഷകളും അത്രമാത്രമായിരുന്നു. അതൊരിക്കലും അമിതപ്രതീക്ഷകളായിരു ന്നില്ലെന്ന് ജെയ്ബന്റെ നേട്ടങ്ങള്‍ തന്നെ സാക്ഷ്യം. സ്കൂള്‍ കുട്ടികള്‍ക്ക് യാതൊരു മാനദണ്ഡവുമില്ലാതെ മാര്‍ക്ക് നല്കി പരീക്ഷയുടെ അടിസ്ഥാന ലക്ഷ്യങ്ങളെ തകര്‍ക്കുന്നുവെന്ന ആരോപണം ഉയരുമ്പോഴും ജെയ്ബന്റെ വിജയത്തിന്റെ മാറ്റ് കുറഞ്ഞിട്ടില്ലെന്ന് മുഴുവന്‍ അധ്യാപകരും ഒരേരീതിയില്‍ വിലയിരുത്തുന്നു.
കാമ്പസ് ഇന്നലെയും നാളെയും
ഇനി, ഡല്‍ഹി എഐഎംഎസില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാര് ഥികള്‍ക്കുമാത്രം പ്രവേശനം ലഭിക്കുന്ന സ്ഥാപനം. ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരം. അവിടത്തെ അന്തരീക്ഷം എങ്ങനെയെന്ന് അറിയില്ല. ഒരു പക്ഷേ, മികച്ചതാവാം. അത് സ്വപ്നം കാണാനേ കഴിയൂ. പക്ഷേ, പ്ലാസിഡ് അങ്ങനെയല്ല. അത് താന്‍ തൊട്ടറിഞ്ഞ യാഥാര്‍ഥ്യങ്ങളാണ്. പഠനത്തിന്റെ ചൂടും തമാശകളുടെ കലമ്പലും നിറഞ്ഞ ക്ലാസുമുറികള്‍, അറിവിന്റെ വാതായനം തുറന്നിട്ട ലൈബ്രറി, യുവത്വത്തിന്റെ തീവ്രതയ്ക്ക് തണുപ്പ് പകര്‍ന്ന തണല്‍ മരങ്ങള്‍, ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ പണിത അധ്യാപകര്‍, സ്പോര്‍ട്സ് ഡേയില്‍ കൊണ്ട വെയിലിന്റെ ചൂട്... അങ്ങനെ നഷ്ടപ്പെടുന്നവയെക്കുറിച്ചും ജെയ്ബന് വാചാലനാവുന്നു.
ആ ബൈക്ക് ഷെഡ്
ഉച്ചഭക്ഷണത്തിനു ശേഷം വെടിവട്ടവുമായി കൂടിയിരുന്ന ബൈക്ക് ഷെഡ് ഓര്‍മകളിലേക്കെത്തുമ്പോള്‍ ജെയ്ബന് പഴയ വിദ്യാര്‍ഥിയാവുന്നു. തലേന്നു കണ്ട സിനിമയുടെ കഥ കൂട്ടുകാരുമായി പങ്കുവയ്ക്കാനായി ഓടിയെത്തിയിരുന്ന കാര്യം വിവരിക്കുമ്പോള്‍ ജെയ്ബന് ശരിക്കും ബൈക്ക് ഷെഡില്‍ തന്നെയായിരുന്നു. അന്നു പറഞ്ഞ തമാശകള്‍ ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന് ജെയ്ബന് പറയുന്നു.
ലൈബ്രറി
ലൈബ്രറിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസില്‍ ആദ്യം കടന്നുവരുന്നത് മോഡല്‍ ക്വസ്റ്റിന് പേപ്പറുകളാണ്. പിന്നെ അസൈന്മെന്റുകളും. അസൈന്മെന്റ് എഴുതുന്നതിനായാണ്. പ്രധാനമായും പുസ്തകങ്ങളെടുത്തിരുന്നതെന്ന് ജെയ്ബന് ഓര്‍ക്കുന്നു. പിന്നെ ലൈബ്രറി കാണുന്നത് ഫ്രീ പീരിയഡുകളില്‍ ലൈബ്രറിയില്‍ പോയിരിക്കണമെന്ന നിയമം അനുശാസി ക്കുമ്പോഴും.
ഇടനാഴികള്‍
കാമ്പസിലെ ഏറ്റവും രസകരമായ സംഭവങ്ങളെക്കുറിച്ച് പറഞ്ഞതില്‍ കൂടുതലും ക്ലാസുകളുടെ ഇടവേളകളില്‍ ഇടനാഴികളില്‍ ചിരിഞ്ഞമര്‍ന്ന തമാശകളാണ്. ഒരു മണിക്കൂര്‍ നീണ്ട ക്ലാസില്‍ കുടത്തിലടച്ച ഭൂതത്തെ പോലെ വീര്‍പ്പുമുട്ടിയിരുന്ന തമാശകള്‍ പൂര്‍ണസ്വാതന്ത്ര്യം നേടുന്ന ആ നിമിഷം അവിസ്മരണീയം.
എഐഐഎംഎസിലെ പഠനം പൂര്‍ത്തിയാക്കി തിരിച്ചു വരും എന്ന് ജെയ്ബന് ഉറപ്പിക്കുന്നു. നാട്ടില്‍ തന്നെ ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് പറയുമ്പോള്‍ നാടിനോടുളള അടുപ്പം ജെയ്ബന്റെ മുഖത്തു നിന്നു വായിച്ചെടുക്കാനാവുമായിരുന്നു. തന്റെ നേട്ടങ്ങളിലെല്ലാം ഈശ്വരാനുഗ്രഹത്തിന്റെ സ്പര്‍ശമുണ്ടെന്നു പറയുന്ന ജെയ്ബന് മാതാപിതാക്കളുടെ പ്രോത്സാഹനത്തെ കുറിച്ചും ബോധവാനാണ്. തങ്ങളുടെ ആഗ്രഹം ഇതാണെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും അച്ഛന്റെയും അമ്മയുടേയും ആഗ്രഹങ്ങള്‍ക്കനുസരിച്ചാണ് താന്‍ നടക്കുന്നതെന്ന കാര്യത്തില്‍ ജെയ്ബന് സംശയമൊന്നുമില്ല.പരീക്ഷകളില്‍ ഉയര്‍ന്ന സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാം റാങ്കു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുമ്പോള്‍ ജെയ്ബന്റെ മുഖത്ത് അമിത വിനയത്തിന്റെ ഭാവമായിരുന്നില്ല മറിച്ച് അപ്രതീക്ഷിതമായി കൈവന്ന വിജയത്തിന്റെ തിളക്കമായിരുന്നു. തന്റെ നേട്ടങ്ങളില്‍ ഒരുപാടു ഘടകങ്ങളുണ്ടെന്ന് ജെയ്ബന് വിലയിരുത്തുന്നു. തന്റെ പ്രാര്ഥനമാത്രമല്ല, മാതാപിതാക്കളുടെ പ്രാര്‍ഥന, സ്കൂളിന്റെ പ്രാര്‍ഥന, അധ്യാപകരുടെ പ്രോത്സാഹനം അങ്ങനെയങ്ങനെ നിരവധി ഘടകങ്ങള്‍. ഇതിനെല്ലാമൊപ്പം ചിട്ടയായ പഠനരീതിയും ആത്മവിശ്വാസവും മികച്ച പ്രകടനത്തിന് സഹായകമായി.
ചരിത്രം, ആരും രചിക്കുന്നതല്ല. അത് സൃഷ്ടിക്കപ്പെടുകയാണ്. ജെയ്ബന് ജോര്‍ജ് എന്ന പതിനേഴുകാരന് ചെയ്തതും അതാണ്.
ഫോട്ടോ: കെ.ജെ ജോസ്
3 comments:
nannayi...
Hai Sandeep,
Nannaittund...Keep it up...
How did u add pics in between paragraphs in this post...
Please help me...
Regards,
Post a Comment